
റിസർവ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് 0.25% വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇതിനു മുന്നേ ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു.
പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
റീപ്പോ നിരക്ക് കുറയുന്നതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

പകരചുങ്കത്തിൽ നിന്ന് ഫാർമയ്ക്കും രക്ഷയില്ല. മരുന്നുകളുടെ ഇറക്കുമതിക്ക് ഉടനെ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്.
ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസിലേക്ക് പ്രധാനമായും ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.
ഈ താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍, വലിയ വിപണി വിഹിതം കാരണം കമ്പനികള്‍ യുഎസിലേക്ക് തിരികെ വരുമെന്നാണ് ട്രംപിൻ്റെ പ്രതീക്ഷ. ഈ താരിഫുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, മരുന്ന് കമ്പനികള്‍ ചൈന ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളെ ഒഴിവാക്കി അമേരിക്കയെ ആശ്രയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പുതിയ താരിഫുകള്‍ ഇന്ന് മുതല്‍ വരാനിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച താരിഫുകളില്‍ ഇന്ത്യയ്ക്ക് മേൽ 26 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത് അതിൽ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഒഴിവാക്കിയിരുന്നു.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കെതിരെ 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ ചൈനക്കെതിരെയാണ് ഏറ്റവും അധികം പകരം തീരുവ ചുമത്തിയിരിക്കുന്നത്. 104 ശതമാനം. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി
അതേസമം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 500 സൂചികയിൽ 80 പോയിന്റിന്റെ ഇടിവ്. ട്രംപിന്റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.

സൗരോർജ്ജത്തിൽ നിന്നും വിൻഡ് മില്ലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ചൈനയ്ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വൈദ്യുതി ഉൽപ്പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ആഗോള വൈദ്യുതിയുടെ 15 ശതമാനം സൗരോർജ്ജവും കാറ്റാടി ഊർജ്ജവും ഇന്ത്യ ഉൽപ്പാദിപ്പിച്ചതായി എംബറിന്റെ വൈദ്യുതി ഉത്പാദനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ കാറ്റ്,സൗരോർജ്ജം എന്നിവയുടെ ഉൽപ്പാദനം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നുള്ള ഇന്ത്യയുടെ ഉൽപാദന ശേഷി – 215 ടെറാവാട്ട്-പെർ അവർ (TWh) ആണ്. 2024 ൽ രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം സൗരോർജ്ജത്തിൽ നിന്നാണ് ലഭിച്ചത്. 2021 മുതൽ ഉത്പാദനം ഇരട്ടിച്ചു. 2024 ൽ ഇന്ത്യ 24 GW സൗരോർജ്ജ ശേഷിയിലെത്തി. ഇത് 2023 ലെ ഉത്പാദനത്തിൻ്റെ ഇരട്ടിയിലധികമാണ്. അതുകൊണ്ടാണ് ജർമ്മനിയെ മറികടന്ന് ഇന്ത്യക്ക് മൂന്നാമത്തെ വലിയ രാജ്യമായി മാറാനായത്.
“സൗരോർജ്ജം ആഗോള ഊർജ്ജ പരിവർത്തനത്തിൻ്റെ എഞ്ചിനായി മാറിയിരിക്കുന്നു. ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ വൈദ്യുതി സ്രോതസ്സ് എന്ന നിലയിൽ, ലോകത്തിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ സൗരോർജ്ജം നിർണായകമാണ്,” എംബർ മാനേജിംഗ് ഡയറക്ടർ ഫിൽ മക്ഡൊണാൾഡ് പറഞ്ഞു.