
സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം. ആശുപത്രികളിലെ വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് നടപ്പാകുന്നത്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളിൽ ഡിജിറ്റലായി പണം അടയ്ക്കാന്‍ കഴിയും. ഒരു മാസത്തിനകം മറ്റ് സർക്കാർ ആശുപത്രികളിലും ഈ സംവിധാനമെത്തും.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ്റെ സഹകരണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പിഒഎസ് ഉപകരണങ്ങള്‍ എസ്ബിഐ, കാനറാ ബാങ്ക് വഴി ലഭ്യമാക്കിയിട്ടുണ്ട്.
പണമടയ്ക്കുന്നതിന് പുറമെ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്കാന്‍ എന്‍ ബുക്ക് സംവിധാനങ്ങളും ഡിജിറ്റലാക്കും. ഓൺലൈനായി മൊബൈൽ ഫോൺ, കമ്പ്യൂട്ടര്‍, അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങള്‍ക്ക് ഒപി ടിക്കറ്റ് എടുക്കാം. എം-ഇഹെല്‍ത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ യു.എച്ച്. ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ വിവരങ്ങള്‍ ലഭിക്കും. സ്കാൻ എൻ ബുക്ക് സംവിധാനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി ടോക്കൺ എടുക്കാം.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. പാലാരിവട്ടത്തു നിന്ന് ഇൻഫോപാർക്കിലേക്ക് നീട്ടുന്ന പാതയ്കായി 307 പൈലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാംഘട്ട നിർമ്മാണം നടക്കുന്നത്.
കളമശേരിയിൽ പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷന് ഘടകഭാഗങ്ങളുടെ നിർമ്മാണം നടക്കുകയാണ്. കാസ്റ്റിങ് യാർഡിൽ നാല് പിയര്കാപുകളുടെയും 4 യു ഗർഡറുകളുടെയും കാസ്റ്റിങ് ഇതിനോടകം പൂര്‍ത്തിയായി. രണ്ട് വിഭാഗമായി തിരിച്ചാണ് കാസ്റ്റിങ് യാര്‍ഡിൽ നിര്‍മാണം നടക്കുന്നത്. യു ഗർഡറുകളുടെ നിര്‍മാണമാണ് ഒരു വിഭാഗത്തില്‍ നടക്കുന്നത്. 100 ടണ്ണിൻ്റെ നാല് ഗാന്‍ട്രി ക്രെയിനുകൾ ഇവിടെ പ്രവര്‍ത്തിക്കുന്നു.
രണ്ടാമത്തെ വിഭാഗത്തിൽ ഐ ഗർഡറുകള്‍, പിയര്‍ കാപ്പുകള്, പാരപ്പെറ്റുകള്‍, റ്റി ഗർഡറുകള്‍, എല്‍ ഗർഡറുകള്‍ എന്നിവയുടെ നിർമ്മാണമാണ് നടക്കുന്നത്. ഇവിടെ ആറ് ഗാന്‍ട്രി ക്രെയിനുകൾ പ്രവര്‍ത്തിക്കുന്നു. 10 , 60 ടണ്ണ് ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള രണ്ട് ഗാന്‍ട്രി ക്രയിനുകളും 100,120 ടണ്ണിൻ്റെ ഒരു ഗാന്‍ട്രി ക്രയിനും ഇവിടെ പ്രവർത്തിക്കുന്നു.
രണ്ടാംഘട്ട പദ്ധതിയിൽ ക്വാളിറ്റി ലാബും കോണ്‍ക്രീറ്റ് ബാച്ചിംഗ് ലാബും ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. മെട്രോ രണ്ടാംഘട്ടത്തിനായി വൈഡക്ട് നിര്‍മാണത്തിനായി 500 യു ഗർഡറുകളും 580 ഐ ഗർഡറുകളും 354 പിയര്‍ കാപുകളുമാണ് നിര്‍മിക്കുന്നത്. സ്റ്റേഷന് നിര്‍മാണത്തിനായി 100 യു ഗർഡറുകളും 120 പിയര്‍ ആമുകളും 400 റ്റി ഗർഡറുകളും 200 എല്‍ ഗർഡറുകളും വേണം. കോണ്‍ക്രീറ്റ് മാലിന്യം മൂലമുള്ള പരിസ്ഥിതി ദോഷം കുറയ്ക്കാന്‍ കോണ്‍ക്രീറ്റ് മാലിന്യ പുനരുപയോഗ പ്ലാൻ്റും സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടിയിലധികം രൂപയുടെ ഈട് രഹിത വായ്പകൾ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുദ്ര പദ്ധതിയുടെ പത്താം വാർഷികത്തിൽ തന്റെ വസതിയിൽ ഒരു കൂട്ടം ഗുണഭോക്താക്കളുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പദ്ധതി പ്രകാരം 52 കോടി ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്. ധനകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളും പ്രത്യേകിച്ച് വനിതകൾ അടക്കമുള്ള താഴെത്തട്ടിലുള്ള സംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ കാര്യമായ പങ്കാണ് മുദ്ര ലോൺ വഹിച്ചത്. രാജ്യത്ത് പദ്ധതി വഴി വിതരണം ചെയ്ത മൊത്തം വായ്പകളില്‍ 68 ശതമാനവും വനിതാസംരഭകര്ക്കാണ് വിതരണം ചെയ്തത്. എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനം വായ്പകളും എസ്.സി, എസ്.ടി, ഒ.ബി.സി സംരംഭകര്‍ക്കാണ് അനുവദിച്ചത്.
2025 ഫെബ്രുവരി വരെയുള്ള മുദ്രാ വായ്പകളെടുത്താല് ഏറ്റവും മുന്നില്‍ തമിഴ്നാടാണ്. 3.23 ലക്ഷം കോടിയാണ് വായ്പയായി നല്‍കിയത്. 3.14 ലക്ഷം രൂപയുടെ വായ്പകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത് . കേരളം ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കര്‍ണാടക (3.02 ലക്ഷം കോടി), മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ആദ്യ അഞ്ചിലെത്തിയ മറ്റ് സംസ്ഥാനങ്ങള്‍.

1.5 ട്രില്യൺ ഡോളർ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യൻ വിപണി വളർച്ചയുടെ പാതയിലാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ എംഡി ആശിഷ് കുമാർ ചൗഹാൻ. മുംബൈയിലെ NXT25-ൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ആശിഷ് ചൗഹാൻ.
2014 ൽ ഇന്ത്യയുടെ വിപണി മൂലധനം 1 ട്രില്യൺ ഡോളറിൽ താഴെയായിരുന്നു. ഈ വർഷം അത് 5 ട്രില്യൺ ഡോളറിനടുത്തെത്തി. ഇത് ഗണ്യമായ സാമ്പത്തിക വളർച്ച പ്രകടമാക്കുന്നത്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (SIPs) വഴി 60 ദശലക്ഷത്തിലധികം ഇന്ത്യക്കാർ പ്രതിമാസം 250 രൂപ വരെ സംഭാവന ചെയ്യുന്നതിനാൽ, വിപണിയിലേക്ക് പ്രതിമാസം ഏകദേശം 3 ബില്യൺ ഡോളറിന്റെ സ്ഥിരമായ നിക്ഷേപം ലഭിക്കുന്നു. ഇത് ഇന്ത്യൻ സംരംഭകരിലും ബിസിനസുകളിലും വർദ്ധിച്ചുവരുന്ന പിന്തുണയെ കാണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം എൻഎസ്ഇ 268 ഐപിഒകൾക്ക് ആതിഥേയത്വം വഹിച്ചു. എസ്എംഇ മേഖലയിൽ നിന്നുള്ള 178 ഐപിഒകൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയർന്ന ഐപിഒ ഫണ്ട് സമാഹരണമാണ് നടന്നത്. അതായത്, 19.6 ബില്യൺ ഡോളർ സമാഹരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.