
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ കേരള സർക്കാർ ഒപ്പിട്ടു. 817.80 കോടി രൂപയാണ് ഫണ്ട്. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിൻ്റെ ആദ്യഘട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാകും.
കേരളം കേന്ദ്രവുമായി രണ്ട് കരാറുകളിലാണ് ഒപ്പിട്ടത്. ആദ്യത്തെ കരാർ കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ്. രണ്ടാമത്തേത് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിടുന്ന പ്രീമിയം പങ്കിടൽ കരാറാണ്. തുറമുഖത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20% കേന്ദ്രത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് ഈ കരാർ. വരുമാനത്തിൻ്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.
ഏറ്റവും പുതിയ കരാർ പ്രകാരം, 2028 ഡിസംബറോടെ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് [AVPPL]സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച്, 2028 ഓടെ തുറമുഖത്തിന്റെ ഏറ്റവും കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവർഷം 3 ദശലക്ഷം TEU ആയിരിക്കും. തുറമുഖത്തിന്റെ നാല് ഘട്ടങ്ങളുടെയും വികസനച്ചെലവ് ₹10,000 കോടിയായി കണക്കാക്കപ്പെടുന്നു. ഈ തുക പൂർണ്ണമായും AVPPL ആണ് വഹിക്കുന്നത്.
കേരളവും അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച പഴയ കരാർ പ്രകാരം, തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതൽ സംസ്ഥാന സർക്കാരിന് വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങും. എന്നാൽ, തുറമുഖത്തിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം 2034 മുതൽ തന്നെ സർക്കാരിന് ലഭിക്കും.

ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള് ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന് പറയുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതുവരെ നടത്തിയ മൊത്തം കയറ്റുമതിയില്‍ സൊമാലിയയിലേക്ക് 51,596 ടണ്‍, അഫ്ഗാനിസ്ഥാനിലേക്ക് 48,864 ടണ്‍, ശ്രീലങ്കയിലേക്ക് 46,757 ടണ്‍, ലിബിയയിലേക്ക് 30,729 ടണ്‍ കയറ്റുമതി ചെയ്തു..
ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 12 മാസക്കാലയളവാണ് പഞ്ചസാര വിപണന സീസൺ. ഈ സീസണിൽ 2020-21 സാമ്പത്തിക വർഷം 72.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റി അയച്ചത്. അതിൽ നിന്ന് വലിയ കുറവാണ് 2024-25 സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏകദേശം 17,837 ടണ്‍ പഞ്ചസാര ലോഡിംഗ് ചെയ്യാം.
അസംസ്കൃത എണ്ണയുടെ വില കുറയുന്നത് പഞ്ചസാര വിലയില്‍ പ്രതിഫലിക്കുന്നു. കാരണം ഗതാഗത ഇന്ധനത്തില്‍ എഥനോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി എഐഎസ്ടിഎ പറഞ്ഞു.

നെതർലാൻഡ്സ് ആസ്ഥാനമായ യൂണിലിവർ പിഎൽസിയുടെ മാഗ്നം ഐസ്ക്രീം കമ്പനിയുടെ ആദ്യ ആഗോള പ്രവർത്തന കേന്ദ്രമാകാൻ ഇന്ത്യ ഒരുങ്ങുന്നു. പൂനെയിൽ 900 കോടി നിക്ഷേപത്തിൽ ഗ്ലോബൽ ഓപ്പറേഷൻ സെന്ററും, മുംബൈലിൽ കമ്പനിയുടെ ആസ്ഥാനവും സ്ഥാപിക്കും. മുംബൈയിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറം NXT25 ഉച്ചകോടിയിൽ മഹാരാഷ്ട്ര സർക്കാരും കമ്പനിയും കരാറിൽ ഒപ്പുവച്ചു.
ഐസ്ക്രീം ബ്രാൻഡിന്റെ മിഡിൽ ഈസ്റ്റ്, തുർക്കി, ദക്ഷിണേഷ്യ എന്നിവയുടെ പ്രാദേശിക ആസ്ഥാനമായി ഇന്ത്യയിലെ ആസ്ഥാനം പ്രവർത്തിക്കും. മാഗ്നത്തിന്റെ പൂനെയിലെ ആഗോള ശേഷി കേന്ദ്രം ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. മാഗ്നത്തിന്റെ ആഗോള ശൃംഖലയ്ക്കായി വിവരസാങ്കേതികവിദ്യ, വിതരണ ശൃംഖല, ധനകാര്യം, മാനവ വിഭവശേഷി മാനേജ്മെന്റ് തുടങ്ങിയ പ്രധാന സേവനങ്ങൾ എന്നിവ പൂനെയിലെ ആഗോള ശേഷി കേന്ദ്രം നൽകും.
വാൾസ്, മാഗ്നം, ബെൻ & ജെറി എന്നിവയുൾപ്പെടെ ലോകത്തിലെ മികച്ച 10 ഐസ്ക്രീം ബ്രാൻഡുകളിൽ അഞ്ചെണ്ണം യൂണിലിവറിന്റെ ഐസ്ക്രീം ബിസിനസിൻ്റെ ഭാഗമാണ്. മൊത്തത്തിൽ, ഈ ബ്രാൻഡുകൾ 2023 ൽ €7.9 ബില്യൺ മൊത്തം വിറ്റുവരവ് നേടി

യുപിഐ ഇടപാട് പരിധി ഉയര്‍ത്താൻ റിസര്‍വ് ബാങ്ക് എന്‍പിസിഐക്ക് അനുമതി നല്കി. ഉപയോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകളുടെ യുപിഐ ഇടപാട് പരിധിയാണ് ഉയര്‍ത്തുക.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2025 ലെ പൊതുവായ യുപിഐ ഇടപാട് പരിധി പ്രതിദിനം 1 ലക്ഷം ആണ്. പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്.
ഉയര്‍ന്ന പരിധികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കാൻ ഉചിതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എന്‍പിസിഐ പ്രഖ്യാപിച്ച പരിധിക്കുള്ളില്‍ സ്വന്തമായിട്ടുള്ള ആന്തരിക പരിധികള്‍ തീരുമാനിക്കാൻ ബാങ്കുകള്‍ക്ക് വിവേചനാധികാരം ഉണ്ട്. എന്നാൽ, വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തന്നെ തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.