
ചെറിയ കാലയളവിനുള്ളിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എയർലൈൻ എന്ന വമ്പൻ നേട്ടത്തിൽ ഇൻഡിഗോ എയർലൈൻ. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13% വരെ നേട്ടമുണ്ടാക്കി.
ഇന്ത്യൻ വ്യോമയാന മേഖലയിൽ 62% വിപണി വിഹിതമാണ് ഇൻഡിഗോയ്ക്കുള്ളത്. കോവിഡ് കാലത്തിനുശേഷം ഇൻഡിഗോ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എയർലൈനിൻ്റെ അറ്റനഷ്ടമായി 987 കോടി രൂപയാണ് റിപ്പോർട്ട് ചെയ്തത്.
ഈ സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ എണ്ണം കൂട്ടാൻ ഇൻഡിഗോ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ കമ്പനിയുടെ 439 വിമാനങ്ങളിൽ 50 എണ്ണം സർവീസ് നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ, ഏകദേശം 50 പുതിയ വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയുണ്ട്. വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിപണി വളർച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ ഇൻഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് സൂചന.

തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി. 1454 കോടി വരവും 1448 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നീക്കിയിരിപ്പ് 6 കോടി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ മാറ്റിവച്ചു.
നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്ലാറ്റിനം ജൂബിലി മന്ദിര നിർമ്മാണത്തിന് അഞ്ചു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ശബരിമലയിൽ അരവണ കണ്ടയ്നർ ഫാക്ടറിക്കായി 3.5 കോടിയും വാരാണസിയിലെ ദേവസ്വം ബോർഡിനുള്ള സത്രത്തിൻ്റെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും വകയിരുത്തി. ഗുരുതര രോഗ ബാധിതർക്ക് ചികിത്സാ സഹായം ഒരു കോടി രൂപ മാറ്റിവച്ചു. ശബരി മലയിലെത്തുന്നവർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേകം ഊന്നൽ നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
മറ്റ് പ്രധാന വകയിരുത്തലുകൾ
ദേവസ്വങ്ങളിൽ സോളാർ പദ്ധതി -50 ലക്ഷം
ദേവഹരിതം പദ്ധതി – 25 ലക്ഷം
കമ്പ്യൂട്ടർവൽക്കരണം – 10.97 കോടി
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
മാസ്റ്റർപ്ലാൻ – ഒരു കോടി
ദേവസ്വം ബോർഡിൻ്റെ തരിശുഭൂമിയിൽ തെങ്ങുകൃഷി – ഒരു കോടി
ക്ഷേത്ര കലാപീഠം വികസനം, ചരിത്ര മ്യൂസിയം നിർമാണം – 1 കോടി

ഈ സാമ്പത്തിക വർഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോഡ് വളർച്ചയിലെന്ന് റിപ്പോർട്ട്. മൊത്തം വാർഷിക വിറ്റുവരവ് 5119.18 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവിൽ 15.82 ശതമാനം വർധന ഉണ്ടായി. സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി രൂപയായി വർധിച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 18ൽനിന്ന് 24 ആയി.
മുൻ സാമ്പത്തിക വർഷത്തെ 76.16 കോടി നഷ്ടം മറികടന്നാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. വ്യവസായ വകുപ്പിനുകീഴിലെ 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയ ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവുമധികം പ്രവർത്തനലാഭമുണ്ടാക്കിയത് കെഎംഎംഎൽ ആണ്. 107. 67 കോടിയാണ് ലാഭം. കെൽട്രോണിൻ്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. പ്രവർത്തന ലാഭം 50.54 കോടി രൂപയാണ്. കെൽട്രോൺ ,ടിസിസി, കെൽ, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽ, കയർ മെഷിനറി സ്ഥാപനങ്ങൾ ലാഭത്തിലായെന്ന് കണക്കുകൾ പറയുന്നു. 32 കമ്പനികളുടെ വാർഷിക വിറ്റുവരവിൽ വർധനയുണ്ട്. വെള്ളൂർ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയിൽനിന്ന് 2.26 കോടിയായി കുറഞ്ഞതും എടുത്തു പറയേണ്ടതാണ്.
സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെഎസ്ഐഡിസിയും മികച്ച ലാഭം നേടിയതായി പറയുന്നു. കിൻഫ്ര 88.41 കോടിയുടെ വരുമാനവും 7.19 കോടിയുടെ ലാഭവുമുണ്ടാക്കി. വായ്പ, ഇക്വിറ്റി ഇനങ്ങളിലായി കെഎസ്ഐഡിസി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭമാണ് നേടിയത്.
ടെൽക്ക്, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ്, കെഎസ്ഐഇ, കെൽട്രോൺ കംപോണന്റ്സ്, സ്റ്റീൽ ആൻഡ് ഇന്റസ്ട്രിയൽ ഫോർജിങ്സ്, കയർ കോർപ്പറേഷൻ, ടിസിസി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്, സ്റ്റീൽ ഇൻഡസ്ട്രീസ്, ക്ലേയ്സ് ആൻഡ് സിറാമിക്സ്, കെഎസ്ഡിപി, ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ, എഫ്ഐടി, കാഷ്യൂ ബോർഡ്, ഫോം മാറ്റിങ്സ്, മെറ്റൽ ഇൻഡസ്ട്രീസ്, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽസ്, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി എന്നിവയാണ് ലാഭമുണ്ടാക്കിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികൾക്ക് പിന്നാലെ സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഏറെക്കുറെ ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു.
അന്താരാഷ്ട്ര വിലയുടെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. ഔണ്‍സ് വില 3,200 ഡോളര്‍ കടന്നു മുന്നേറിയേക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ വില 70,000 കടക്കും.
സ്വര്‍ണവില വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഇന്നത്തെ വില വര്‍ധനയോടെ ഉണ്ടായിരിക്കുന്നതെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ ഉപയോക്താക്കള്‍ക്ക് വലിയ നേട്ടവുമായി.