
യു എസ് താരിഫ് ആഘാതം ചൂണ്ടികാട്ടി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കി കുറച്ചു.
ഈ സാമ്പത്തിക വർഷം സാമ്പത്തിക വളര്‍ച്ച 6.5% കടക്കുമെന്നായിരുന്നു മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാൽ യുഎസ് താരിഫ് നയത്തിന്റെ അടിസ്ഥാനത്തിൽ വളര്‍ച്ച അനുമാനം 30 ബേസിസ് പോയിൻ്റ് കുറവാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.
താല്‍ക്കാലികമായി താരിഫ് നിരക്ക് മരവിപ്പിച്ചത് രാജ്യത്തിന് വലിയ നേട്ടം തരില്ല.അതേസമയം,ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ൻ്റെ അവസാനത്തിൽ ആര്‍ബിഐ റിപ്പോ നിരക്ക് 5.75% എത്തുമെന്നും മൂഡീസ് പറയുന്നു.
കേന്ദ്ര ബജറ്റിലെ നികുതി ആനുകൂല്യങ്ങള്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും.
ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, ഇടത്തരം വരുമാനക്കാര്‍ക്കുള്ള നികുതി ഇളവുകള്‍,പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവ മൊത്തത്തിലുള്ള ആഘാതത്തെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ ഫിക്സഡ് ഡെപോസിറ്റിൻ്റെ പലിശ നിരക്കുകൾ ബാങ്കുകൾ കുറച്ചു തുടങ്ങി. അവസാനമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് (bps) വരെ കുറച്ചു. പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു.
ബാങ്കിൻ്റെ പുതുക്കിയ നിരക്കുകൾ പ്രകാരം പൊതുജനങ്ങൾക്ക് 4% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയുമാണ് പലിശ. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾ 4% മുതൽ 7.40% വരെയും മുതിർന്ന പൗരന്മാർ 4% മുതൽ 7.90% വരെയുമായിരുന്നു നൽകിയിരുന്നത്. .
സ്ഥിര നിക്ഷേപങ്ങൾക്ക് ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയിൽ 4% പലിശ നൽകും. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25% പലിശയും ഈടാക്കും. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5% പലിശ വാഗ്ദാനം ചെയ്യുന്നു.
180 മുതൽ 269 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25% ൽ നിന്ന് 6.15% ആയി ബാങ്ക് കുറച്ചു, 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.25% പലിശ നൽകും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.85% പലിശ നിരക്ക് ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 7.25% പലിശയും വാഗ്ദാനം ചെയ്യുന്നു.
അഞ്ചു വർഷത്തിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി അടിസ്ഥാന പലിശനിരക്ക് റിസർവ് ബാങ്ക് പണനയസമിതി കാല് ശതമാനം കുറച്ചത്. ഇതോടെ പുതിയ നിരക്ക് 6.25% ആയി. പിന്നാലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും കുറഞ്ഞു. സ്ഥിരനിക്ഷേപ പലിശയും ആനുപാതികമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഘട്ടംഘട്ടമായി 0.5–0.75 % പലിശ കുറച്ചേക്കുമെന്നാണു വിലയിരുത്തൽ.

കേരളത്തിൻ്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യമാകുന്നു. PPP മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ നടപ്പിലാക്കും.
പദ്ധതിയുടെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി കൊമേർഷ്യൽ ആൻഡ് താരിഫ് ചീഫ് എൻജിനീയർ രാജൻ എം പി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അതുല്യ കുമാർ നായിക് എന്നിവർ കൈമാറി.
മൈലാട്ടിയിൽ 220 kV സബ്സ്റ്റേഷനിൽ 125 മെഗാവാട്ട് / 500 മെഗാവാട്ട് അവര്‍ നിലയമാണ് സ്ഥാപിക്കുന്നത്.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) എന്ന കേന്ദ്ര ഏജൻസിയുമായി സഹകരിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. കരാർ പ്രകാരം യൂണിറ്റിന് 4.61 രൂപ ആണ് സ്റ്റോറേജ് നിരക്ക്. ഇതുവഴി പകൽ ലഭ്യമാകുന്ന അധിക സൗരോർജ്ജവൈദ്യുതി സംഭരിച്ചു രാത്രി സമയത്ത് വിതരണം ചെയ്യാൻ സാധിക്കും.
കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതി രൂപരേഖ വിലയിരുത്തി കേന്ദ്ര ഊർജ്ജമന്ത്രാലയം 2024 നവംബർ 28 ന് പദ്ധതിക്ക് 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചിരുന്നു.
പദ്ധതിയിലൂടെ പുനരുപയോഗ ഊർജ്ജരംഗത്ത് വലിയൊരു ചുവടുവയ്പാണ് സംസ്ഥാനം നടത്തുന്നത്. 18 മാസമാണ് പൂർത്തീകരണ കാലാവധിയെങ്കിലും 9 മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനായി 8 കോടി 40 ലക്ഷം രൂപ ഏർളി കമ്മീഷണിങ് ഇന്‍സെന്റീവും കെ എസ് ഇ ബി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള വൈദ്യുതി സമൃദ്ധമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേരള സർക്കാരും കെ എസ് ഇ ബിയും വിഭാവന ചെയ്ത് നടപ്പിലാക്കുന്നത്. അനുദിനം ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ 2030 ഓടെ 10,000 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം ഉറപ്പാക്കുകയാണ് കെ എസ് ഇ ബി യുടെ ലക്ഷ്യം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡിൻ്റെ ജനപ്രീതി വളരെയധികം വർധിച്ചിട്ടുണ്ട്. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ക്രെഡിറ്റ് കാർഡിനെ ജനപ്രിയമാക്കി.
ഇപ്പോഴിതാ, അഞ്ച് ക്രെഡിറ്റ് കാർഡുകൾ അതിൻ്റെ ഉടമകൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണിലിവ് തുടങ്ങിയ ഒടിടി സബ്സ്ക്രിപ്ഷനിൽ വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നു.
ആക്സിസ് ബാങ്കിന്റെ മൈ സോൺ ക്രെഡിറ്റ് കാർഡിലൂടെ ആദ്യ ഷോപ്പിംഗ് ആദ്യ 30 ദിവസത്തിനുള്ളിൽ നടത്തുകയാണെങ്കിൽ 1,499 രൂപയോളം വരുന്ന സോണിലിവ് വാർഷിക സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. കൂടാതെ, ഡിസ്ട്രിക്റ്റ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന സിനിമാ ടിക്കറ്റിന് 100 ശതമാനം കിഴിവും നൽകുന്നു.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സ്വാഗത സമ്മാനമായി ടൈംസ് പ്രൈമിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു. ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിനും ടൈംസ് പ്രൈമിനും സൗജന്യ സബ്സ്ക്രിപ്ഷൻ നേടാം.
ഐഡിഎഫ്സിയുടെ ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് 500 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും 500 രൂപ ക്യാഷ്ബാക്ക് ഓഫർ ഉണ്ട്. പരമാവധി നാല് തവണയായിരിക്കും ഇത് നൽകുക. ഒടിടി സബ്സ്ക്രിപ്ഷൻ ചെയ്യാൻ ഇത് ഉപയോഗിക്കാം.
എയു ബാങ്കിൻ്റെ ലിറ്റ് ക്രെഡിറ്റ് കാർഡ് എടുത്ത് ആദ്യ 90 ദിവസത്തിനുള്ളിൽ 5,000 അല്ലെങ്കിൽ 10,000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാൽ സീ 5 ഉം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും നേടാം. അതേസമയം ഈ സമയപരിധിക്കുള്ളിൽ ഈ തുക ചെലവഴിച്ചില്ലെങ്കിൽ, യഥാക്രമം അൻപത് രൂപയും 299 രൂപയും പിഴ ഈടാക്കുമെന്ന് ബാങ്കിന്റെ വെബ്സൈറ്റ് പറയുന്നു.