ബിരുദപഠനം പൂര്‍ത്തിയാക്കി വിവാഹശേഷം യുഎഇയില്‍ എത്തിയപ്പോള്‍, തന്റെ സഹോദരിമാരെ പോലെ ഒരുനല്ല വീട്ടമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം വ്യവസായിയായ ഭര്‍ത്താവ് നിഷാദ് ഹുസൈനെ പിന്തുണച്ച്, ഒടുവില്‍ വലിയൊരു കമ്പനിയുടെ എംഡിയായി ഹസീന മാറി. കേരളത്തിലെ ഗ്രാമീണമേഖലയിലെ, യാഥാസ്ഥിതിക കുടുബത്തില്‍നിന്നുള്ള പെണ്‍കുട്ടി, ഇന്ന് മാനവ വിഭവശേഷി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അറിയപ്പെടുന്ന വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിംഗ്സിന്റെ ചുക്കാന്‍ പിടിക്കുന്നു. ‘ഞാന്‍ യുഎഇയില്‍ എത്തിയപ്പോള്‍ മുതല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭര്‍ത്താവില്‍ നിന്ന് കേള്‍ക്കാറുണ്ടായിരുന്നു, അതുകൊണ്ട് തന്നെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം, ബിസിനസ് തന്ത്രങ്ങളെക്കുറിച്ചും അതില്‍ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ചും ഓരോദിവസവും ഞാന്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു’ – ഹസീന ധനത്തോട് പറഞ്ഞു.
2014ല്‍ മക്കളെല്ലാം സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഹസീന, ഭര്‍ത്താവ് നിഷാദിനൊപ്പം ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. ‘പഠിക്കുന്ന കാലത്ത് ജോലി ചെയ്യണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കല്യാണശേഷം ആ ആഗ്രഹങ്ങള്‍ക്ക് ഒന്നും ഒരു തടസവുമുണ്ടായില്ല. ഭര്‍ത്താവില്‍ നിന്നും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും എനിക്ക് ലഭിച്ചു. എന്തായാലും, എന്റെ ബിരുദം കൊമേഴ്സിലായിരുന്നു, പഠിച്ച വിഷയത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചുവെന്ന സന്തോഷം എനിക്കുണ്ട്. ഞങ്ങളുടെ തൊഴിലാളികളുടെ ക്ഷേമത്തിന് ഞങ്ങള്‍ എല്ലായ്പ്പോഴും വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവരുടെ ക്ഷേമവും സംതൃപ്തിയുമാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യം. അത് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ വ്യക്തിപരമായ താല്‍പ്പര്യം കാണിക്കാറുണ്ട്’ ഹസീന തന്റെ ബിസിനസിലേക്കുള്ള കടന്നുവരവിനെ കുറിച്ച് പറയുന്നു.
യുഎഇയുടെ നിരവധി വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ കമ്പനിയുടെ പങ്കാളിത്തമുണ്ടെന്ന് ഹസീന നിഷാദ് അഭിമാനത്തോടെ പറയുന്നു. ദുബായ് എക്സ്പോ, ഫ്യൂച്ചര്‍ മ്യൂസിയം, ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ദുബൈ മെട്രോ, ദുബായ് ഫ്രെയിം തുടങ്ങിയവയ്ക്ക് പിന്നിലെല്ലാം വേള്‍ഡ്സ്റ്റാറിന്റെ ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനമുണ്ടായിരുന്നു. ഇപ്പോള്‍ യുഎയിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നായ ഇത്തിഹാദ് റെയ്ല്‍വേ യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശമത്തിലാണ് വേള്‍ഡ്സ്റ്റാറിന്റെ തൊഴിലാളികള്‍. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത്, ജോലി നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് തൊഴില്‍ നല്കി ഏവരുടെയും ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട് ഈ യുവ സംരംഭക. ‘ലോക്ക്ഡൗണ്‍ കാലത്ത് പലരും ശമ്പളം നല്‍കാതിരിക്കുകയും, വെട്ടിക്കുറക്കുകയുമൊക്കെ ചെയ്തപ്പോള്‍ ഞങ്ങള്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്കി, കോവിഡ് സമയത്ത് രണ്ടായിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനും സാധിച്ചു” ഹസീനപറഞ്ഞു.
കോവിഡ് കാലത്താണ് ഹസീന തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സന്തോഷകരമായി കുടുംബം നടത്തുക എന്ന തന്റെ സ്വപ്നവുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ചു. ”എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. അവരുടെ എല്ലാ സ്കൂള്‍ പ്രോഗ്രാമുകളിലും ഞാന്‍ എപ്പോഴും പങ്കെടുക്കുകയും പഠനത്തില്‍ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസവും സത്യസന്ധതയുമുണ്ടെങ്കില്‍ കുടുബ ജീവിതവും ബിസിനസും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ‘കല്യാണം കഴിഞ്ഞു കുട്ടികളായി, ഇനി എനിക്ക് എവിടെയാണ് സമയം’ എന്ന് ചിന്തിക്കാതെ, നമുക്ക് ലഭിക്കുന്ന ചെറിയ സമയം പോലും കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും വിജയകരമായി മുന്നേറാന്‍ സാധിക്കുമെന്നാണ് ഹസീന നിഷാദ് പറയുന്നു.
‘പൂജ്യ’ത്തിൽ നിന്നു 100 കോടിയിലേക്കൊരു വളർച്ച. മാവേലിക്കര സ്വദേശി സെനു സാമിന്റെയും ‘മൈ കെയർ’ എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെയും കഥയെ ഇങ്ങനെ ചുരുക്കാം! ബിരുദ പഠനത്തിന്റെ ആദ്യ വർഷം എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്ക് നേടിയ യുവാവിൽ നിന്ന് 80 കോടി രൂപ ആസ്തി മൂല്യമുള്ള, നൂറോളം പേർക്കു തൊഴിൽ നൽകുന്ന സ്റ്റാർട്ടപ് സ്ഥാപകനിലേക്കുള്ള വളർച്ചയുടെ കഥ. രോഗികളെയും ആശുപത്രികളെയും ഡോക്ടർമാരെയും ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന ആശയം സെനു അവതരിപ്പിച്ചപ്പോൾ രണ്ടു യുവ ടെക്കികൾ കൂടി കൈ കൊടുത്തു; ടി.എം.റഹ്മത്തുല്ലയെന്ന ഒറ്റപ്പാലം സ്വദേശിയും നിലമ്പൂരിൽ നിന്നുള്ള ജോഷ് ഫിലിപ്പോസും. രോഗികൾക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന ‘മൈ കെയർ’ സ്റ്റാർട്ടപ് അവിടെ പിറവിയെടുത്തു.
‘സ്വന്തം സംരംഭം എന്ന ആഗ്രഹമുദിച്ചപ്പോൾ ഒരു സ്റ്റാർട്ടപ് ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തു. അതിനായി ഒരു ബിസിനസ് ആശയം വേണമായിരുന്നു. ആദ്യം മനസ്സിൽ വന്നതു ചായക്കട! ആദ്യ രണ്ടു സ്റ്റാർട്ടപ്പുകളും പരാജയമായിരുന്നു. പിന്നീടാണ്, പരിചയമുള്ള ആരോഗ്യ മേഖല മനസ്സിലെത്തുന്നത്. പിതാവിന്റെ ചികിത്സയുടെ സമയത്തുണ്ടായ പ്രയാസങ്ങളും മൈ കെയർ എന്ന ആശയത്തിനു വ്യക്തത നൽകി. അറിവില്ലാത്ത മേഖലകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സഹസ്ഥാപകരെയും കണ്ടെത്തി’’ – സെനു പറയുന്നു.
2021ൽ ആരംഭിച്ച മൈ കെയർ ഇതിനകം 85,000 രോഗികൾക്കാണു ചികിത്സാ സൗകര്യം ഒരുക്കിയത്. ആപ്പുമായി 200ൽ അധികം ആശുപത്രികൾ സഹകരിക്കുന്നുണ്ട്. ഈ വർഷം സേവനം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കും. കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ ശസ്ത്രക്രിയ ചെയ്യാൻ ആലോചിക്കുന്ന വിദേശ രാജ്യങ്ങളിലുള്ളവരിലേക്കും മൈ കെയർ എത്തും. മികച്ച സ്റ്റാർട്ടപ്പിനുള്ള ഒട്ടേറെ അംഗീകാരങ്ങൾ നേടിയ മൈ കെയർ ഏറ്റവും ഒടുവിൽ നേടിയത് 17 കോടിയുടെ സീഡ് ഫണ്ടിങ്ങാണ്.
ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ക്ലൗഡ് ടെലിഫോണി അഥവാ ക്ലൗഡ് കോളിംഗ്. പരമ്പരാഗത ലാൻഡ് ഫോണുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ സംവിധാനമാണ് ക്ലൗഡ് ടെലിഫോണി. പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് പോലെയുള്ള പരമ്പരാഗത എന്റർപ്രൈസ് ടെലിഫോൺ സംവിധാനങ്ങളുടെ ആവശ്യകതയെ ക്ലൗഡ് ടെലിഫോണി മാറ്റിസ്ഥാപിക്കുന്നു. ബിസിനസുകളെ ശാക്തീകരിക്കാനും ഉപഭോക്തൃ ആശയവിനിമയത്തെ ശക്തിപ്പെടുത്താനുമുള്ള ലളിതമായ നൂതനവും ആകർഷകവുമായ ആശയവിനിമയ സാങ്കേതികതയാണിത്.
കുറഞ്ഞ ചെലവിലും സമയലാഭത്തിലും ബിസിനസ്സ് ആശയവിനിമയങ്ങൾ കാര്യക്ഷമമാക്കുന്നു എന്നതാണ് ക്ലൗഡ് ടെലിഫോണിയുടെ പ്രത്യേകത. ഫിസിക്കലായുള്ള ഒരു ഫോണിന്റെ ആവശ്യകത ഇല്ലാതെ തന്നെ ലാപ്ടോപ് പോലുള്ള സിസ്റ്റം ഉപയോഗിച്ച് ഇന്റർനെറ്റ് വഴി ഇൻകമിംഗ് കോളുകൾക്ക് അറ്റൻഡ് ചെയ്യാനും ഔട്ട്ഗോയിംഗ് കോളുകൾ വിളിക്കാനും സാധിക്കും.
ടീമുകളെ മികച്ച രീതിയിൽ മാനേജ് ചെയ്യുക, ജീവനക്കാരെ അവരുടെ റോളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുക, വിദൂരമായുള്ള നിയന്ത്രണം പ്രാപ്തമാക്കുക, ചെലവ് കുറയ്ക്കുക, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങി കാര്യക്ഷമവും നിയന്ത്രിതവും ചിട്ടയായതുമായ ആശയവിനിമയം ക്ലൗഡ് കോളിംഗ് സാധ്യമാക്കുന്നു.
ഇന്റെറാക്ടിവ് വോയ്സ് റെസ്പോൺസ് സൊല്യൂഷൻസ്, കോളർ ഐഡി, കോൾ ഫോർവേഡിംഗ്, വോയ്സ്മെയിൽ,ടെക്സ്റ്റ് മെസേജിംഗ്, കോൾ കോൺഫറൻസിംഗ്, കോൾ ക്യൂ മാനേജ്മെന്റ്, കോൾ നോട്ടിഫിക്കേഷൻ, കോൾ റെക്കോർഡിങ്, കോൾ ട്രാൻസ്ഫർ,തത്സമയ കോൾ ചെക്കിങ്,പ്രഡിക്റ്റിവ് ഡയലർ, വെർച്യുൽ നമ്പർ,ടോൾ ഫ്രീ നമ്പർ, ഡിസ്ട്രിബ്യുട്ടഡ് കോൾ സെന്റർ, വിഡിയോ കോൺഫറൻസിംഗ് സ്ക്രീൻ പങ്കിടൽ, ഇ കൊമേഴ്സ് കോൾസ്,പേർസണലൈസ്ഡ് കോൾ, ബൾക്ക് കോൾ,വോയിസ് ബോട്ട് തുടങ്ങിയവ ക്ലൗഡ് ടെലിഫോണിയിലെ സവിശേഷതകളാണ്.
ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അവരെ ദൈവതുല്യരായാണ് നാം കാണുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനായിരകണക്കിനാളുകളുടെ ജീവന് കവര്‍ന്ന മഹാമാരിയാണ് ക്യാന്‍സര്‍. ഇന്ന് ആരോഗ്യരംഗം വളര്‍ന്നെങ്കിലും ക്യാന്‍സറിന്റെ ഇരകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ലക്ഷകണക്കിനാളുകളെ പരോക്ഷമായി ക്യാന്‍സര്‍ എന്ന മഹാവിപത്തില്‍ നിന്ന് രക്ഷിച്ച ഒരു യുവ സംരംഭക നമ്മുടെ രാജ്യത്തുണ്ട്. ദീര്‍ഘകാല ഉപയോഗം ക്യാന്‍സറിന് വഴിവച്ചേക്കാവുന്ന പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവാണ് റിയ എം സിംഗാളിനെ പുതിയ സംരംഭ ആശയത്തിലെത്തിച്ചത്.
അമ്മയെ ക്യാന്‍സര്‍ വേട്ടയാടിയ നാളുകള്‍
സിംഗാളിന് 19 വയസുള്ളപ്പോഴാണ് അവളുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ക്യാന്‍സറിന്റെ ദുരതിങ്ങള്‍ കണ്മുന്നില് നേരിട്ട് കണ്ടറിഞ്ഞ റിയ ആളുകള്‍ തുടരുന്ന അലംഭാവമാണ് പ്രധാന പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ടിന്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അവള് കണ്ടെത്തി.
ചൂടുള്ള ഭക്ഷണം പായ്ക്ക് ചെയ്യുമ്പോഴോ, ഭക്ഷണങ്ങള്‍ ഇത്തരം പാത്രങ്ങളില്‍ ചൂടാക്കുമ്പോഴോ ഉണ്ടാകുന്ന രാസ പ്രവര്‍ത്തനങ്ങളാണ് ക്യാന്‍സറിലേക്ക് ആളുകളെ തള്ളിവിടുന്നത്. ഇതിനെതിരേ എന്തു ചെയ്യാന്‍ സാധിക്കുമെന്ന തെരച്ചിലായിരുന്നു പിന്നീട്.
പ്രകൃതിയിലേക്കുള്ള മടക്കത്തില്‍ എത്തുന്നു
ഏറെ നാളത്തെ റിസര്ച്ചുകള്ക്കൊടുവില് പ്രകൃതിയില്‍ തന്നെയാണ് ഇതിനുള്ള പരിഹാരമെന്നു റിയ തിരിച്ചറിഞ്ഞു. വിവാഹശേഷം യു.കെയിലെത്തിയ റിയ അവിടെനിന്നാണ് ബയോ- ഡീഗ്രേഡബിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കാര്‍ഷിക മാലിന്യങ്ങളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കമെന്ന തിരിച്ചറിവിലെത്തിയത്.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ 90 ദിവസംകൊണ്ട് പൂര്‍ണമായി മണ്ണില്‍ ലയിച്ചുചേരുമെന്നും മനസിലാക്കി. അതുകൊണ്ട് തന്നെ പരിസ്ഥിതിക്കും ശരീരത്തിനും ഒരു ദോഷവും ഉണ്ടാകില്ല. യു.കെയില്‍നിന്നു ലഭിച്ച ആശയം ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അവള് തീരുമാനിച്ചു.

ഇക്കോവെയര്‍ യാഥര്‍ത്ഥ്യമാകുന്നു
വികസിച്ചുകൊണ്ടിരിക്കുന്ന ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യു.എസ്.ആര്) വ്യവസായത്തിന്റെ ആകര്‍ഷണീയമായ കട്ട്ലറികളുടെയും കണ്ടെയ്നറുകളുടെയും ശ്രേണിയുടെ ബ്രാന്‍ഡ് നാമമാണ് ഇന്ന് ‘ഇക്കോവെയര്‍’. ഭക്ഷ്യ ശൃംഖലയിലെ ക്യാന്‍സര്‍ കുറയ്ക്കല്‍, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കര്‍ഷകരെ സഹായിക്കുക തുടങ്ങീ നിരവധി മൂല്യങ്ങള്‍ കമ്പനി ഉയര്‍ത്തിപിടിക്കുന്നു.
ഒരൊറ്റ ദിവസം കൊണ്ടായിരുന്നില്ല ഇക്കോവെയറിന്റെ വളര്‍ച്ച. ആദ്യ വര്‍ഷം വെറും 50,000 രൂപ മാത്രമായിരുന്നു വരുമാനം. അഭിനിവേശത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ബിസിനസ് തുടര്‍ന്നു. അമ്മയെന്ന ഉദാഹരണം അവൾക്കു മുന്നിലുണ്ടായിരുന്നു.
ആശയവും സംരംഭവും വളര്‍ന്നു പന്തലിക്കുന്നു
കാര്‍ഷിക മാലിന്യങ്ങളെ ബയോ ഡിഗ്രേഡബിള്‍, ഡിസ്പോസിബിള്‍ പാക്കേജിങ് ബോക്സുകളും പ്ലേറ്റുകളും ആക്കി മാറ്റിയായിരുന്നു റിയയുടെ തുടക്കം. കര്‍ഷകരില്‍ നിന്ന് കാര്‍ഷിക മാലിന്യങ്ങള്‍ സംഭരിക്കുക വഴി, കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും അവള്‍ക്കു സാധിച്ചു. പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്കുന്നതിനാല് ഇക്കോവെയറിന് വലിയ സാമൂഹിക സ്വാധീനമുണ്ട്.
തലവരമാറ്റിയത് കോമണ്‍വെല്‍ത്ത് ഗെയിംസ്
പുതിയ ആശയത്തെ ആദ്യമൊന്നും ഏറ്റെടുക്കാന്‍ വിപണി തയ്യാറായില്ല. വഴിത്തിരിവ് 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രൂപത്തിലായിരുന്നു. ഗെയിമുകളില്‍ ഭക്ഷണം വിളമ്പുന്നതിനായി റിയയുടെ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 25 കോടി വിറ്റുവരവ് കൈവരിച്ച ഇക്കോവെയര്‍ 100 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. 20 ജോലിക്കാരുമായി തുടങ്ങിയ സംരംഭത്തില്‍ ഇന്നു 115 പേരോളമുണ്ട്.
ഐ.ആര്.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ), ക്യു.എസ്.ആര്. ശൃംഖലയായ ഹല്‍ദിറാം, ചായോസ് എന്നിവ ഇന്ന് ഇക്കോവെയറിന്റെ പ്രമുഖ ക്ലയന്റുകളാണ്. ഇക്കോവെയറിന്റെ ഉല്‍പ്പന്നങ്ങള്‍ മൈക്രോവേവ് – ഫ്രീസ് സുരക്ഷിതമാണ്. 25 ഇക്കോവെയര്‍ സ്പൂണുകളും ഫോര്‍ക്കുകളും അടങ്ങിയ പായ്ക്കറ്റിന് 90 രൂപ മുതലാണ് വില, അതേസമയം ഇക്കോവെയറിന്റെ 50 കപ്പുകളുടെ പായ്ക്കിന് 195 രൂപയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ‘നാരി ശക്തി അവാര്‍ഡ്’ റിയ കൈവരിച്ചതില്‍ അതിശയിക്കാനില്ല. വേള്‍ഡ് എക്കണോമിക് ഫോറം അവളെ ഒരു ഗ്ലോബല്‍ ലീഡറായി അംഗീകരിക്കുകയും വിമന്‍ ഇക്കണോമിക് ഫോറം ‘വുമണ്‍ ഓഫ് എക്സലന്‍സ്’ അവാര്‍ഡ് നല്‍കുകയും ചെയ്തു.