
ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും പവൻ 70,000 രൂപ കടന്നു. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടിയത്. ഗ്രാമിന് 1,660 രൂപയും കൂടി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഒരു പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം, ഓഹരി വിപണികളുടെ ഇടിവ്, ഡോളറിന്റെ മൂല്യത്തകർച്ച എന്നിവ മുതലെടുത്താണ് സ്വർണവിലയുടെ തേരോട്ടം.
22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ് സ്വർണ്ണം, വെള്ളി വിലകളും കുതിപ്പ് തുടരുകയാണ്. ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,260 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റിന് മികച്ച വിലക്കുറവുണ്ടെന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോൾ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 75,932 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,492 രൂപയും. പൊതുവേ പല വ്യാപാരികളും ശരാശരി 10% പണിക്കൂലിയാണ് ഈടാക്കുന്നതെന്ന് ഓർക്കണം. അങ്ങനെയെങ്കിൽ വില ഇതിലും കൂടുതലായിരിക്കും. ഇനി ഡിസൈനർ ആഭരണങ്ങൾ ആണെങ്കിൽ പണിക്കൂലി 30-35 ശതമാനം വരെയൊക്കെയാകാം.

കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്കോ) തുടർച്ചയായ മൂന്നാം വർഷവും ലാഭം നേട്ടത്തിൽ. 2024-25 സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവും മികച്ച ലാഭവും നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.
തുടർച്ചയായ മൂന്നാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കഴിഞ്ഞ 15 വർഷക്കാലയളവിനുള്ളിൽ സിഡ്കോ ആദ്യമായി ലാഭത്തിലെത്തുന്നത് 2022-23 സാമ്പത്തിക വർഷത്തിലാണ്. ആ വർഷം 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം ലാഭവും നേടി. ഈ വർഷം ലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് വർധിപ്പിച്ചും സിഡ്കോ മുന്നേറ്റം തുടരുന്നു.
കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും തുടർച്ചയായ ലാഭത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.
വിഎസ്എസ്സി, ഐഎസ്ആര്‍ഒ, ബ്രഹ്മോസ്, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ സിഡ്കോയുടെ പ്രധാന ഉപഭോക്താക്കളാണ്.

രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിപണികളിലെ അസ്ഥിരതയും ലോകമെമ്പാടുമുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
അതേസമയം, ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വിൽപ്പനയിൽ ഏകദേശം 13 ശതമാനം ഇടിവാണ് (yoy) റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വില്പന 5,412 യൂണിറ്റായിരുന്നു. ഇതിന് കാരണം എൻട്രി ലെവൽ കാറുകളുടെ വിൽപ്പന കുറവാണ്.
ഇത് ഉൾപ്പെടെ കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാം തവണയാണ് മെഴ്സിഡസ് ബെൻസ് വില വർധിപ്പിക്കുന്നത്. ജനുവരിയിലാണ് ആദ്യം വില വർധിപ്പിച്ചത്. രണ്ടാമത്, മാർച്ചിൽ രണ്ട് മോഡലുകൾക്ക് വില വർധിപ്പിച്ചതായി കമ്പനി സി ഇ ഒ സന്തോഷ് അയ്യർ പറഞ്ഞു.
യൂറോയും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് കണക്കിലെടുക്കുമ്പോൾ, വർദ്ധിച്ചുവരുന്ന വില കാരണം ഇപ്പോൾ മറ്റ് മോഡലുകൾക്കും വില വർധിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർബിഐ നിരക്ക് കുറച്ചത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. അതായത്, അവരുടെ ഇഎംഐ കുറയും. അതിലൂടെ ആളുകൾക്ക് കാറുകൾ വാങ്ങാനും അതുവഴി കാർ വില്പന വർധിക്കുക്ജയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

ചരിത്രത്തിലാദ്യമായി രാജ്യത്തെ ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 787,724 സിഎൻജി കാറുകളാണ് വിറ്റത്. ഡീസൽ കാറുകളിൽ 736,508 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി വാഹനങ്ങളുടെ സാന്നിധ്യം 2023 ൽ 12 ശതമാനമായിരുന്നു.കഴിഞ്ഞ വർഷം അത് 15 ശതമാനമെത്തി. ഇപ്പോൾ 20% ആയി ഉയർന്നു.
2019 ൽ ഏകദേശം സി എൻ ജി ഫില്ലിംഗ് സ്റ്റേഷനുകളുടെ എണ്ണം 1900 ആയിരുന്നു. 2030 ഓടെ രാജ്യത്തുടനീളം 17,700 ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി.
ഇന്ധന വിലയിലെ വർധന, ഉയർന്ന സർവീസിംഗ് ചാർജ്, നികുതികൾ എന്നിവ ഡീസൽ കാറുകളുടെ വിൽപന കുറയാൻ കാരണമായി. ചെലവ് കുറഞ്ഞതും ഉപയോഗക്ഷമത കൂടിയതുമായ ഇന്ധനങ്ങളിലേക്കുള്ള ആളുകളുടെ മാറ്റം സിഎൻജി കാറുകളിലേക്ക് അവരെ ആകർഷിക്കുന്നു.
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഹൈഡ്രോകാർബണുകളും മീഥെയ്നും ചേർന്ന മിശ്രിതമാണ്.
ലെഡും സൾഫറും ഇല്ലാത്തതിനാൽ ഇതിനെ ഹരിത ഇന്ധനം എന്നും വിളിക്കുന്നു. സിഎൻജിയിൽ ലെഡ് അല്ലെങ്കിൽ ബെൻസീൻ ഇല്ലാത്തതിനാൽ, ലെഡ് അല്ലെങ്കിൽ ബെൻസീൻ മലിനീകരണം ഇല്ലാതാക്കുന്നു,