
വെര്‍സിക്കിള്‍ ടെക്നോളജീസ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്, സി.ഇ.ഒ/ഡയറക്ടര്‍ മനോജ് ദത്തന്, ഡയറക്ടര്‍ അനീഷ് സുഹൈല്‍.
ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം
ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിര്‍ണയം നടത്തുന്ന ആദ്യ ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്ക് സംവിധാനവുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ്പ്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിലെ ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്കുമ്പോള് കിയോസ്കിലെ സംവിധാനം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഇത് വിശകലനം ചെയ്യും.രക്തസമ്മര്‍ദം, ഹൃദയാരോഗ്യം (ഇ.സി.ജി. റീഡര്‍), ശരീരഭാരം തുടങ്ങിയവ ഈ സംവിധാനത്തിലൂടെ അറിയാം. വെര്‍സിക്കിള്‍ ടെക്നോളജീസ് സി.ഇ.ഒ മനോജ് ദത്തന്, സ്ഥാപകന്‍ കിരണ്‍ കരുണാകരന്, കമ്പനിയുടെ ഡയറക്ടര്‍ അനീഷ് സുഹൈല്‍ എന്നിവരാണ് ഈ സംരംഭം നയിക്കുന്നത്.
മുന്നറിയിപ്പും വൈദ്യോപദേശവും
വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണിത്. രോഗനിര്‍ണ്ണയം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കുന്നതിന് പുറമെ പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ രോഗിക്ക് മുന്നറിയിപ്പും നല്‍കും. ടെലി-ഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും പ്രോഗ്നോസിസിലുടെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഏറെ ഉപയോഗപ്രദം
പ്രോഗ്നോസിസ് ഇ-ഹെല്‍ത്ത് കിയോസ്ക് ബുധനാഴ്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് ഒന്നില്‍ സ്ഥാപിക്കും. വൈകാതെ റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളിലും ഈ കിയോസ്ക് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനിയിയുടെ ഡയറക്ടര്‍മാരിലൊരാളായ അനീഷ് സുഹൈല്‍ പറഞ്ഞു. നിലവില്‍ യു.എസിലും മറ്റും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രോഗ്നോസിസ് എന്ന ഇ-ഹെല്‍ത്ത് കിയോസ്ക് ആശുപത്രികള്‍, ഓഫീസുകള്‍, മാളുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ ഏറെ ഉപയോഗപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്റ്റാന്‍ഡ് അപ് ഇന്ത്യ ലോണിന് അപേക്ഷിക്കാം.
രാജ്യത്തെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. സംരംഭകത്വത്തിലേക്കിറങ്ങുന്ന വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രോത്സാഹനം നല്കാന് വിവിധ വായ്പാ പദ്ധതികളും സ്കില്‍ ഡെവലപ്മെന്റ് പദ്ധതികളുമെല്ലാം രാജ്യത്ത് നടന്നു വരുന്നു. ഇതില്‍ പ്രധാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് അപ് ഇന്ത്യ സംരംഭകത്വ വായ്പാ പദ്ധതി. പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍ എന്നീ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നല്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍:
സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്കീം.
2016ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടിക ജാതി പട്ടിക വര്‍ഗ സംരംഭകനും ഓരോ വായ്പകള്‍ ഓരോ വര്‍ഷവും നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് പദ്ധതിയുടെ നിബന്ധന. പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സബ്സിഡികള്‍ക്ക് അര്‍ഹത ഉള്ളവയാണ് ഈ വായ്പ. പുതിയ പദ്ധതികള്‍ക്ക് ഈടില്ലാതെ തന്നെ വായ്പ അനുവദിക്കും. നിര്‍മാണ മേഖല, സേവന മേഖല, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപാര മേഖല എന്നിവയിലേതെങ്കിലും ആയിരിക്കണം സംരംഭം.
ഓണ്‍ലൈനായും അപേക്ഷിക്കാം
സ്കീമിന്റെ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, നവംബര്‍ 20 വരെ 2.29 ലക്ഷത്തിലധികം അപേക്ഷകളില്‍ 53,822 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 46,894 കോടി രൂപയുടേത് വിതരണം ചെയ്ത് കഴിഞ്ഞു. 2.08 ലക്ഷം സംരംഭകര്‍ക്കാണിത്. സ്കീമിനായി അപേക്ഷിക്കാന്‍ standupmitra.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കമ്പനി ഡയറക്ടര്‍മാര്‍
ആദ്യ പദ്ധതി ഇടുക്കിയില്‍, പ്രതിദിനം ഉത്പാദനം 26,000-50,000 യൂണിറ്റ്.
ഇടുക്കിയില്‍ ജില്ലയില്‍ മുക്കുടം ഗ്രാമത്തില്‍ മുതിരപ്പുഴയിലേക്ക് ഒഴുകുന്ന പാറത്തോട് എന്ന പര്‍വത അരുവിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മുക്കുടം
ഇലക്ട്രോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ രാകേഷ് റോയിയുടെ 1 ഏക്കര്‍ സ്ഥലമാണ് ആദ്യം പദ്ധതിക്കായി കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തുള്ള 2 ഏക്കര്‍ കൂടി വാങ്ങി മൊത്തം 3 ഏക്കര്‍ സ്ഥലത്തേക്ക് പദ്ധതി വ്യാപിപ്പിച്ചു.
2019ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി 2023 ഒക്ടോബര്‍ 21ന് പരീക്ഷണ ഉത്പാദനം ആരംഭിച്ച് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് ബന്ധിപ്പിച്ച് വൈദ്യുതി നല്കി തുടങ്ങിയതായി രാകേഷ് റോയ് അറിയിച്ചു. കേരളത്തിലെ 12-ാമത്തെയും ഇടുക്കി ജില്ലയിലെ അഞ്ചാമത്തേയും സ്വകാര്യ ജലവൈദ്യുത നിലയമാണ് മുക്കുടം. ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന് കുടി മേഖലയില്‍ നിന്ന് ഉത്ഭവിച്ച്, പുല്ലുകണ്ടം പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറില്‍ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പദ്ധതി വിശദാംശങ്ങള്‍
മുക്കുടത്തിന് പടിഞ്ഞാറു ഭാഗത്തുള്ള ചതുരകള്ളി പാറയില്‍ നിര്‍മിച്ച 10 മീറ്റര്‍ ഉയരവും 29.45 മീറ്റര്‍ മീറ്റര്‍ നീളവും ഉള്ള അണക്കെട്ടില്‍ നിന്നും 323.7 മീറ്റര്‍ (1068 അടി) താഴ്ചയുള്ള പവര്‍ ഹൗസിലേക്ക് 1,310 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ച് 2 മെഗാവാട്ട് ശേഷിയുള്ള 2 ടര്‍ബൈനുകള്‍ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2 കിലോമീറ്റര്‍ അകലെയുള്ള കെ.എസ്.ഇ.ബി.യുടെ നേര്യമംഗലം പവര്‍ ഹൗസിലേക്ക് പുതിയതായി വലിച്ച 11 കെ.വി കണ്ടക്റ്റര്‍ ലൈന്‍ വഴി എത്തിച്ചാണ് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നത്.
തുടര്‍ച്ചയായ മഴ ലഭിക്കുന്ന മാസങ്ങളില്‍ പൂര്‍ണ ശേഷി വിനിയോഗം സാധ്യമാകും. നിലവില്‍ 1.1 മെഗാ വാട്ട് ശേഷിയില്‍ പ്രതിദിനം 26,000 മുതല്‍ 50,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കുന്നുണ്ട്. 110 ലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
പിന്നിൽ യുവ എന്‍ജിനീയര്‍മാർ
2006ല്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ 7 യുവ എന്‍ജിനീയര്‍മാരാണ് മുക്കുടം പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 2014 ജൂണില്‍ എ.ബി.ബി ഇന്ത്യ എന്ന പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രാകേഷ് റോയിയാണ് ഇത്തരമൊരു ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞതും സുഹൃത്തുകള്‍ക്ക് ഒപ്പം ചേര്‍ന്ന് പുതിയ കമ്പനി സ്ഥാപിച്ചതും. തൊടുപുഴ സ്വദേശിയായ ഉണ്ണി.എസ് ശങ്കര്‍, കൊല്ലം സ്വദേശി എസ്. ജെനിതീഷ്, ആലപ്പുഴ സ്വദേശിനി എം.രഞ്ജിനി, കോട്ടയം സ്വദേശി സിറിയക്ക് ജോസ്, കൊടുങ്ങല്ലൂരകാരനായ ഇ.എം. ഫാരിസ്, ചാലക്കുടിക്കാരനായ റിജോ ജോസഫ് എന്നിവരാണ് രാകേഷ് റോയിക്കൊപ്പം കമ്പനിയുടെ നേതൃനിരയിലുള്ളത്.
5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും.
ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ അഞ്ചാം പതിപ്പ് നവംബര്‍ 16ന് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ട്-അപ്പ് ത്രിദിന കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് (കെ.എസ്.യു.എം) ഒരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളിലായി വിഴിഞ്ഞം അടിമലത്തുറയിലാണ് ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് നടക്കുക.
അത്യാധുനിക ഉല്‍പ്പന്നങ്ങള്‍
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 15,000 പ്രതിനിധികള്‍ ഒത്തുചേരുന്ന പരിപാടിയില്‍ റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ബ്ലോക്ക്ചെയിന്‍, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100ല്‍ അധികം പുതിയ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അവര്‍ക്ക് നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഉപദേശത്തിനായി സാങ്കേതികവിദ്യ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സംവദിക്കാനും അവസരം നല്‍കുമെന്ന് അനൂപ് അംബിക പറഞ്ഞു. തിനകള്‍, വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദവും മൂല്യവര്‍ദ്ധിതവുമായ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയും പ്രദര്‍ശനത്തിലുണ്ടാകും.
പ്രധാന സെഷനുകള്‍
അന്താരാഷ്ട്ര എംബസികള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍ എന്നിങ്ങനെ ഹഡില്‍ ഗ്ലോബല്‍ പ്രധാന സെഷനുകളുണ്ടാകും. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഡിസൈന്‍, വിപണന തന്ത്രങ്ങള്‍, മൂലധന ഘടന, ധനസമാഹരണം, ബിസിനസ് വികസനം എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് വ്യവസായ പ്രമുഖര്‍ വഴി ഉപദേശം നേടുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വലിയ അവസരങ്ങള്‍ നല്‍കും. പരിപാടിയില്‍ 5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും.