
ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും എളുപ്പമായിരുന്നില്ല പേടിഎം എന്ന എന്ന ഡിജിറ്റല്‍ പേയ്മെന്റ് ആപ്പിന്റെ പിറവി.
സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പ്രതിസന്ധികളെ അവസരമാക്കിയാണ് ഈ സ്റ്റാര്‍ട്ടപ്പ് പിറന്നത്. അവസരങ്ങളില്‍ പേടിഎം വളര്‍ന്നപ്പോള്‍ വിജയ് ശേഖര്‍ ശര്‍മയും സമ്പന്നനായി. 10,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് ഇന്ന് 1.2 ബില്യൺ ഡോളർ ആസ്തിയുടെ ഉടമയമാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 92-ാം സ്ഥാനത്തേക്കുള്ള വിജയ് ശേഖറിന്റെ വളര്‍ച്ച സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു.
സാധാരണ കുടുംബത്തിൽ നിന്ന് കോടീശ്വരനിലേക്ക്
1978-ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സാധാരണ കുടുംബത്തിലാണ് വിജയ് ശേഖർ ശർമ്മ ജനിക്കുന്നത്. സ്കൂൾ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശർമ്മയുടെയും നാല് മക്കളിൽ മൂന്നാമൻ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വിജയ് ശേഖർ അന്നത്തെ ഡൽഹി കോളേജ് ഓഫ് എൻജിനീയറിംഗ് കോളേജിൽ അഥവാ ഇന്നത്തെ ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ചേരുന്നു. ബിടെക് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴേക്കും തന്റെ വിജയം ഇന്റർനെറ്റ് മേഖലയിലായിരിക്കുമെന്ന് ഈ അലിഗഡുകാരൻ ഉറപ്പിച്ചിരുന്നു.
90കളുടെ അവസാനകാലത്ത് indiasite.net എന്ന വെബ്സൈറ്റ് ആരംഭിച്ച വിജയ് ശേഖർ രണ്ട് വർഷത്തിന് ശേഷം അഞ്ചുലക്ഷം രൂപയ്ക്കാണ് ഈ വെബ്സൈറ്റ് വില്പന നടത്തിയത്. അന്നൊരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ആദ്യ വെബ്സൈറ്റ് നിർമാണം.
വെബ് കണ്ടന്റുകളുടെ സാധ്യത മനസിലാക്കിയ വിജയ് ശേഖർ തന്റെ മുഴുവൻ സമ്പാദ്യവും ഉപയോഗപ്പെടുത്തിയാണ് 2003 ൽ One97 കമ്മ്യൂണിക്കേഷൻസ് ആരംഭിക്കുന്നത്. വാർത്താ കണ്ടന്റ്, ക്രിക്കറ്റ് സ്കോറുകൾ, റിംഗ്ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ നൽകുന്നൊരു പ്ലാറ്റ്ഫോമായിരുന്നു One97 കമ്മ്യൂണിക്കേഷൻസ്. പേടിഎമ്മിന്റെ പാരന്റ് കമ്പനിയും ഇതുതന്നെ.
പരീക്ഷണങ്ങളുടെ കാലഘട്ടം
One97 കമ്മ്യൂണിക്കേഷൻസിലേക്ക് എത്തുന്നതിന് മുൻപ് പ്രതിസന്ധികളുടെ സമയമായിരുന്നു. ബി ടെകിന് ശേഷം ഐഐടി പ്രവേശനം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇംഗ്ലീഷ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചും വെബ് കോഡിംഗിലുണ്ടായ താലപര്യത്തിലുമാണ് വിജയ് ശേഖർ മുന്നോട്ട് പോയത്. സുഹൃത്തുക്കളുടെ സഹായത്തോടെ One97 കമ്മ്യൂണിക്കേഷൻസ് തുടങ്ങിയതോടെ കയ്യിൽ പണമില്ലാതായി. പിന്നീട് കമ്പനിയെ നിലനിർത്താൻ പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ ജോലിയും ചെയ്തു.
പേടിഎം തുടങ്ങുന്നു
2004ൽ One97 കമ്മ്യൂണിക്കേഷൻസിന്റെ 40 ശതമാനം ഓഹരികൾ എട്ട് ലക്ഷം രൂപയ്ക്ക് വിജയ് ശേഖറിന്റെ സുഹൃത്ത് വാങ്ങി. ഇത് കൂടുതൽ നിക്ഷേപം നടത്താൻ വിജയ് ശർമയെ പ്രേരിപ്പിച്ചു. 2010-ൽ ഇന്ത്യയിൽ 3ജി നെറ്റ്വർക്ക് പ്രചാരം ലഭിച്ചതോടെ അവസരം മനസിലാക്കിയാണ് അദ്ദേഹം One97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
2011 ൽ ആരംഭിച്ച പേടിഎം തുടക്കത്തിൽ വാലറ്റ് സൗകര്യം, ബസ് ടിക്കറ്റ് ബുക്കിംഗ്, ബിൽ പെയ്മെന്റ്, സിനിമാ ടിക്കറ്റ്, തീവണ്ടി, വിമാന ടിക്കറ്റ് എന്നീ മേഖലയിലാണ് പ്രവർത്തിച്ചത്. പേടിഎ സ്ഥാപിച്ച 10 മാസത്തിനുള്ളിൽ 15 ദശലക്ഷം വാലറ്റുകൾ ഉണ്ടാക്കാൻ പേടിഎമ്മിന് സാധിച്ചു.
2016 ലെ നോട്ട് അസാധുവാക്കൽ പേടിഎമ്മിനെ വലിയ രീതിയിൽ തുണച്ചു. പേടിഎം ഇടപാടുകളിൽ 700 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം എത്തി.
ഇത് രണ്ട് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ മൂല്യനിർണ്ണയം നേടാൻ പേടിഎമ്മിനെ സഹായിച്ചു. ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാർ പേടിഎം ഉപയോഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാൾ എന്ന പേരിൽ ഇ-കൊമേഴ്സ് ബിസിനസ്, പേടിഎം പേയ്മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖർ ആരംഭിച്ചിട്ടുണ്ട്.
വിജയ് ശേഖർ ആസ്തി
2021 നവംബറിലാണ് പേടിഎം ഓഹരി വിപണിയിൽ ലിസറ്റ് ചെയ്തത്. എന്നാൽ പ്രാരംഭ ഓഹരി വില്പനയ്ക്ക് ശേഷം പേടിഎം ഓഹരികൾക്ക് നല്ല കാലമായിരുന്നില്ല. ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഫോബ്സിന്റെ 2022 ലെ കണക്ക് പ്രകാരം 1.2 ബില്യണ്‍ യുഎസ് ഡോളറാണ് വിനോദ് ശേഖര്‍ ശര്‍മയുടെ ആസ്തി.
2019 തില്‍ പേടിഎം ഐപിഒയ്ക്ക് മുന്‍പ് 2.6 ബില്യണ്‍ ഡോളറായരുന്നു. ഇവിടെ നിന്ന് ആസ്തിയിൽ ഇടിവാണ് രേഖരപ്പെടുത്തുന്നത്. നിലവിൽ കമ്പനിയുടെ സിഇഒയാണ് അദ്ദേഹം.

മലപ്പുറത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്റ്റാർട്ടപ് ‘ഇന്റർവെൽ’ ഉയരങ്ങൾ കീഴടക്കുന്നു.
അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ ചേർന്നു തുടങ്ങിയ വിദ്യാഭ്യാസ സ്റ്റാർട്ടപ് ‘ഇന്റർവെൽ’ ആണ് പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതി നടപ്പാക്കാനായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണം ലഭിച്ചതാണ് നേട്ടങ്ങളിലെ അവസാനപൊൻതൂവൽ; ഇന്ത്യയിൽനിന്ന് ഇതു സ്വന്തമാക്കിയ ഏക കമ്പനി.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ഇവരുടെ നേട്ടം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഒ.കെ.സനാഫിർ, സി.കെ.റമീസ് അലി, ടി.നജീം ഇല്യാസ്, സി.ഷിബിലി അമീൻ, അസ്ലഹ് തടത്തിൽ എന്നിവർ ചേർന്ന് 2018ലാണ് സംരംഭം ആരംഭിക്കുന്നത്. 2021ൽ റജിസ്റ്റർ ചെയ്തു.
കിന്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസ്. അരീക്കോട് 200 ചതുരശ്ര അടി വിസ്തീർണമുണ്ട്. 30 രാജ്യങ്ങളിലായി കാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ. 4000 അധ്യാപകരും 218 ജീവനക്കാരുമുണ്ട്. ദുബായിലും ഓഫിസുണ്ട്.
കേരള സ്റ്റാർട്ടപ് മിഷന്റെകൂടി സഹായത്തോടെയാണ് ഫിൻലൻഡിലെ ടാലന്റ് ബൂസ്റ്റ് പദ്ധതിയിൽ പങ്കെടുക്കാൻഅവസരം ലഭിച്ചത്. ഫിൻലൻഡിൽ റിസർച് ആൻഡ് ഡവലപ്മെന്റ് സെന്റർ ആരംഭിച്ച് ആഗോള തലത്തിലേക്കു സംരംഭം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 2 വർഷംകൊണ്ട് 15 കോടിയുടെ വരുമാനമുണ്ടാക്കി കമ്പനി.

ക്ലൗഡ്പാഡിന്റെ ബോട്സ്.സർവീസസിൽ 83 കോടി രൂപ നിക്ഷേപിക്കും.
യുകെ ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ് ക്ലൗഡ്പാഡിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സാസ് പ്ലാറ്റ്ഫോം ബോട്സ്.സർവീസസിൽ (Bots.services) മൈക്രോസോഫ്റ്റ് വക നിക്ഷേപം. 5 മുതൽ 10 മില്യൻ ഡോളർ (ഏകദേശം 83 കോടി രൂപ) വരെ നിക്ഷേപിക്കാനാണു ധാരണ.
റീട്ടെയ്ൽ, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ വിവിധ വ്യവസായങ്ങൾക്കു നിർമിത ബുദ്ധി അധിഷ്ഠിത സേവനങ്ങളാണു ബോട്സ്.സർവീസസ് നൽകുന്നത്. പാർട്നർ കരാറിലും ഒപ്പുവച്ചതോടെ മൈക്രോസോഫ്റ്റ് വിദഗ്ധരുടെയും ഉപയോക്താക്കളുടെയും പങ്കാളികളുടെയും നെറ്റ്വർക് ആക്സസും ക്ലൗഡ്പാഡിനു ലഭ്യമാകും. അഷർ ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് 365 കോ പൈലറ്റ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും ലഭിക്കും. യുഎസിലും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലുമാണു സേവനം ലഭ്യമാക്കുന്നതെങ്കിലും ക്ലൗഡ്പാഡ് ഡവലപ്മെന്റ് സെന്ററും സർവീസ് ടീമും പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്. തിരുവനന്തപുരം സ്വദേശികളായ ആരോമൽ ജയരാജ് ഷിക്കി – അഭിഷേക് ജയരാജ് ഷിക്കി സഹോദരങ്ങളാണു ക്ലൗഡ്പാഡ് സ്ഥാപിച്ചത്.
ആദ്യ ഘട്ട നിക്ഷേപമായി 1.5 ലക്ഷം ഡോളർ ലഭിച്ചുവെന്നും അടുത്ത വർഷം മുതൽ ഇന്ത്യയിലും സേവനം ലഭ്യമാക്കുമെന്നും ക്ലൗഡ്പാഡ് സിഇഒ ആരോമൽ ജയരാജ് ഷിക്കി മനോരമയോടു പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 72% ഇടിഞ്ഞു
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 2023ല്‍ കുത്തനെ ഇടിഞ്ഞ് (72% ഇടിവ്) 700 കോടി ഡോളറായി. ഇതോടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ ആഗോളതലത്തില്‍ 4-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. മുന്‍ വര്‍ഷം ഇത് 2500 കോടി ഡോളറായിരുന്നു. 2016ലെ മൂന്നാം പാദത്തിലെ മോശം പ്രകടനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിക്ഷേപമാണ് 2023ന്റെ നാലാം പാദത്തില്‍ (ഡിസംബര്‍ 5 വരെ) കാണാനാകുന്നതെന്ന് ഗവേഷണ പ്ലാറ്റ്ഫോമായ ട്രാക്സണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിരവധി 2023ല്‍ സ്റ്റാര്‍ട്ടപ്പുകളും അടച്ചുപൂട്ടി.
പ്രാരംഭഘട്ട ഫണ്ടിംഗും സീഡ്-സ്റ്റേജ് ഫണ്ടിംഗും യഥാക്രമം 70 ശതമാനം, 60 ശതമാനം എന്നിങ്ങനെ സമാനമായ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ടെക് മേഖലയില്‍ 2023ല്‍ ഇതുവരെ 10 കോടി ഡോളര്‍ മൂല്യമുള്ള 17 ഫണ്ടിംഗ് റൗണ്ടുകള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55 ആയിരുന്നു. ഇതില്‍ 69 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 18 ഐ.പി.ഒകളാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 19 ആയിരുന്നു.
100 കോടി ഡോളറിലധികം മൂല്യത്തോടെ ഫിന്‍ടെക് സ്ഥാപനമായ ഇന്‍ക്രെഡും ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സര്‍വീസ് സെപ്റ്റോയും മാത്രമാണ് 2023ല്‍ ഇതുവരെ സൃഷ്ടിച്ച രണ്ട് യൂണികോണുകള്‍. 2022ല്‍ സൃഷ്ടിക്കപ്പെട്ട 23 യൂണികോണുകളാണുണ്ടായിരുന്നത്. ഉഡാന്‍, എഡ്ടെക് സ്ഥാപനമായ ബൈജൂസ്, ക്വിക്ക് കൊമേഴ്സ് കമ്പനിയായ ഡണ്‍സോ തുടങ്ങിയ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നോട്ട് പോകാന്‍ വളരെ പ്രയാസമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബൈജൂസും ഡണ്‍സോയും ശമ്പളം വൈകിപ്പിക്കുകയും നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.