
വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും വിജയത്തോടെ നിലനിൽക്കുന്ന ചുരുക്കമാണ്. വ്യക്തിപരമായ നേതൃഗുണം, മാർക്കറ്റിംഗ്, വിപണനം തുടങ്ങിയ കഴിവുകൾക്കൊപ്പം മികച്ച സംരഭകത്വ അന്തരീക്ഷമാണ് സംരംഭങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുന്ന പ്രധാന ഘടകം. സ്റ്റാർട്ടപ്പുകളെ വളരാനും ആഗോള ബിസിനസ്ഡൊമെയ്നിലേക്ക് സ്റ്റാർട്ടപ്പുളുടെ സാന്നിധ്യം അടയാളപ്പെടുത്താനും കേന്ദ്ര സർക്കാർ നിരവധി സഹായങ്ങൾ നൽകുന്നുണ്ട്.
സാങ്കേതിക പിന്തുണ, സബ്സിഡികൾ, സാമ്പത്തിക സഹായം, മറ്റ് സേവനങ്ങൾ എന്നിവ നൽകാനായി സർക്കാർ വിവിധ സ്കീമുകൾ ആരംഭിച്ചിട്ടുണ്ട്. സംരഭകത്വത്തിലേക്ക് കടക്കുന്നൊരാളാണെങ്കിൽ സർക്കാർ തലത്തിൽ എന്തെല്ലാം സഹായങ്ങൾ ലഭ്യമാണെന്നത് പരിശോധിക്കാം.
സിംഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം ചെറുകിട മേഖലയിൽ നിന്നുള്ള വാങ്ങലുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും എംഎസ്ഇയെ പിന്തുണയ്ക്കുന്നതിനുമായി നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ആണ് സിംഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം (എസ്പിആർഎസ്) നിയന്ത്രിക്കുന്നത്. ഈ സ്കീമിന് കീഴിൽ എംഎസ്ഇകൾ രജിസ്റ്റർ ചെയ്യണം. അതുവഴി ഇഎംഡി അടയ്ക്കുന്നതിൽ ഒഴിവാക്കുന്നതിനൊപ്പം സൗജന്യ ടെൻഡർ, ടെൻഡർ പങ്കാളിത്തം, എംഎസ്ഇകളിൽ നിന്നുള്ള സംഭരണം തുടങ്ങിയവയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. മൊത്തം വാർഷിക പർച്ചേസിന്റെ 25 ശതമാനം എംഎസ്ഇകളിൽ നിന്നാകണമെന്ന് സർക്കാർ നിർദേശമുണ്ട്.
മൾട്ടിപ്ലയർ ഗ്രാന്റ് സ്കീം
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് മൾട്ടിപ്ലയർ ഗ്രാന്റ് സ്കീം (എംജിഎസ്). ചരക്കുകളുടെയും സേവനങ്ങളുടെയും വളർച്ചയ്ക്കായി വ്യവസായങ്ങൾക്കിടയിൽ ഗവേഷണം നടത്തുന്ന പദ്ധതികൾക്കാണ് മൾട്ടിപ്ലയർ ഗ്രാന്റ് സ്കീം സഹായം നൽകുന്നത്. രണ്ട് വർഷത്തിൽ താഴെയുള്ള ഒരു പദ്ധതിക്ക് പരമാവധി രണ്ട് കോടി രൂപയാണ് സർക്കാർ നൽകുന്നത്.
ക്ഷീര സംരംഭകത്വ വികസന പദ്ധതി
ക്ഷീരമേഖലയിൽ സ്വയംതൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ക്ഷീര സംരംഭകത്വ വികസന പദ്ധതി. പാൽ ഉൽപ്പാദനം, സംഭരണം, സംരക്ഷണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംരംഭങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. പൊതുവിഭാഗത്തിലുള്ള സംരഭകന് മൊത്തം പ്രോജക്ട് ചെലവിന്റെ 25 ശതമാനം മൂലധനം സർക്കാർ വാഗ്ദാനം ചെയ്യും. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട ഫാമുകൾക്ക് 33.33 ശതമാനവും സബ്സിഡി ലഭിക്കും.
മൈക്രോ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ്
എംഎസ്എംഇ മന്ത്രാലയവും ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയും ആരംഭിച്ച സംവിധാനമാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മെെക്രോ ആൻഡ് സ്മോൾ എന്റർപ്രൈസ്. ക്രെഡിറ്റ് ഡെലിവറി സംവിധാനം ശക്തിപ്പെടുത്തുന്നതിനും ക്രെഡിറ്റ് ഫ്ലോ സുഗമമാക്കുകയുമാണ് ലക്ഷ്യം.
സ്കീമിന് കീഴിൽ, ചെറുകിട വ്യവസായങ്ങൾക്കും മൈക്രോ ലെവൽ ബിസിനസുകൾക്കും ഉയർന്ന സബ്സിഡി നിരക്കിലും ഈടില്ലാതെയും സർക്കാർ വായ്പ നൽകും. യോഗ്യരായ ഓരോ വായ്പക്കാരനും 2 കോടി രൂപ വരെയുള്ള ഫണ്ടും ഫണ്ട് ഇതര ക്രെഡിറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കായുള്ള ഏറ്റവും ജനപ്രിയമായ സർക്കാർ പദ്ധതികളിൽ ഒന്നാണിത്. അഞ്ച് വർഷത്തിലേറെയായി സംരംഭകർക്ക് നികുതി ആനുകൂല്യങ്ങൾ നൽകുകയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യം. ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് (ഡിപിഐഐടി) വഴി 114,458 സ്റ്റാർട്ടപ്പുകളെ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഈ സർക്കാർ സ്കീമിന് കീഴിലുള്ളത്തിനായി സ്റ്റാർട്ടപ്പുകളെ അംഗീകരിക്കുന്നതിന് പരമാവധി പ്രായം 7 വർഷമാണ്.

ഇന്ത്യയില്‍ നിന്ന് പേയ്മെന്റ് ഗേറ്റ്വേ ലൈസന്‍സ് നേടുന്ന ആദ്യ നിയോ ബാങ്കാണ് ഓപ്പണ്‍.
മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്മെന്റ് അഗ്രഗേറ്റര്‍-പേയ്മെന്റ് ഗേറ്റ്വേ (PA/PG) ലൈസന്‍സ് ലഭിച്ചു.
ചെറുകിട-വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സില്ലാതെ ടെക്നോളജിയുടെ സഹായത്താല്‍ ബാങ്കുകളുമായി സഹകരിച്ച് ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് (നിയോ ബാങ്ക്) ഓപ്പണ്‍.
ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ലൈസന്‍സ് ലഭിച്ചതോടെ സാധിക്കുമെന്ന് ഓപ്പണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അനിഷ് അച്യുതന് പറഞ്ഞു.
ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍
ആര്.ബി.ഐയുടെ ലൈസന്‍സുള്ള മറ്റ് ബാങ്കുകളുമായി ചേര്‍ന്നാണ് നിയോബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കിവരുന്നത്. ബാങ്കുകളുടെ പേമെന്റ് ഗേറ്റ്വേകള് നിയോ ബാങ്കുകളുടെ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി 2020 മാര്‍ച്ചിലാണ് ആര്.ബി.ഐ പേമെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് അവതരിപ്പിച്ചത്.
132 ഓളം കമ്പനികള്‍ ഇത്തരത്തില്‍ ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും ഓപ്പണ്‍ ഉള്‍പ്പെടെ 32 കമ്പനികള്‍ക്കാണ് 2022 നവംബര്‍ 14ന് ആര്.ബി.ഐയില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചത്. തുടര്‍ന്ന് സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ട്, സി.എ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള പ്രക്രിയകളും കൂടി പൂര്‍ത്തിയേക്കേണ്ടതുണ്ടായിരുന്നു. ഇതെല്ലാം ഉറപ്പു വരുത്തിയാണ് ഇപ്പോള്‍ ഓപ്പണ്‍ ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പി.എ/പി.ജി ലൈസന്‍സ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. റേസര്‍ പേ,ക്യാഷ്ഫ്രീ, എന്കാഷ്, ഗൂഗ്ള്‍ പേ തുടങ്ങിയവയാണ് മറ്റു കമ്പനികള്‍.
അതേസമയം, മുന്‍നിര പേയ്മെന്റ് കമ്പനികളായ പേടിഎം, പേയു എന്നിവയ്ക്ക് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടില്ല.
കേരളത്തിൽ നിന്നുള്ള യൂണികോണ്‍ കമ്പനി
പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതന്, ഭാര്യ മേബിള്‍ ചാക്കോ, അനീഷിന്റെ സഹാദോരന്‍ അജീഷ് അച്യുതന്, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017ലാണ് ഏഷ്യയിലെ ആദ്യ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഓപ്പണിന് തുടക്കം കുറിക്കുന്നത്. നിലവില്‍ 40 ലക്ഷത്തോളം എസ്.എം.ഇകള്‍ക്ക് ഓപ്പണ്‍ സേവനങ്ങള്‍ നല്കി വരുന്നു.
ബാങ്കിംഗ്, ഓട്ടോമേറ്റഡ് അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എക്സ്പെന്‍സ് മാനേജ്മെന്റ്, കംപ്ലയന്‍സ്, പേറോള്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ചെറുകിട ബിസിനസുകള്‍ക്ക് ഓപ്പണ്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്നുണ്ട്. 100 കോടി ഡോളര്‍ മൂല്യം നേടിയ (യൂണികോണ്‍) കേരളത്തില്‍ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളില്‍ ഒന്നാണ് ഓപ്പൺ. ബംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെങ്കിലും കേരളത്തിലും രജിസ്റ്റേര്‍ഡ് ഓഫീസുണ്ട്.

രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എഐ ഗെയിംചേഞ്ചേഴ്സ് മത്സരത്തിൽ മലയാളി സ്റ്റാർട്ടപ്പുകൾക്ക് പുരസ്കാരത്തിളക്കം.
പട്ടാമ്പി സ്വദേശി പ്രശാന്ത് വാരിയരുടെ ക്യൂർ ഡോട്ട് എഐ (Qure.ai) ഒന്നാം സ്ഥാനം(10 ലക്ഷം രൂപ) നേടി. തിരുവനന്തപുരം കേന്ദ്രമായ ജെൻറോബോട്ടിക് 3ാം സ്ഥാനം (3 ലക്ഷം രൂപ) നേടി.
ചുരുക്കപ്പട്ടികയിലെത്തിയ 10 സ്റ്റാർട്ടപ്പുകൾക്കാണ് ഗ്ലോബൽ പാർട്നർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ) ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ അവസരം ലഭിച്ചത്.
എഐ സഹായത്തോടെ ശ്വാസകോശ രോഗങ്ങൾ വിലയിരുത്തുന്ന സംവിധാനമാണ് ക്യൂർ ഡോട്ട് എഐയുടേത്. പക്ഷാഘാതം ബാധിച്ച് അരയ്ക്കു താഴെ തളർന്നവരെ ആരോഗ്യത്തിലേക്കു നടത്താനുള്ള സംവിധാനമാണ് ജെൻറോബോട്ടിക്കിനു വേണ്ടി റീജനൽ ഡയറക്ടർ എം.അഫ്സല് അവതരിപ്പിച്ചത്. എം.കെ. വിമൽ ഗോവിന്ദ്, അരുൺ ജോർജ്, കെ.റാഷിദ്, എൻ.പി. നിഖിൽ എന്നിവരാണ് സ്ഥാപകർ.

പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് തന്റെ കരിയർ ഉപേക്ഷിച്ച് പ്രകൃതികൃഷിയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ ബിജി അബൂബക്കർ കണ്ട സ്വപ്നമാണ് കീടനാശികളോ, രാസവളമോ ചേർക്കാത്ത പ്രകൃതിദത്തമായ കാർഷികോല്പന്നങ്ങൾക്കായി ഒരു ബ്രാൻഡ്എന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന നാച്ചുറല്‍ എഡിബിള്‍സ് എന്ന സ്ഥാപനത്തിലൂടെ ബിജി ഇപ്പോൾ തന്റെ സ്വപ്നം യഥാർഥ്യമാക്കിയിരിക്കുകയാണ്. നല്ല ആരോഗ്യം നല്ല ആഹാരത്തിലൂടെ എന്ന മഹത്തായ സന്ദേശം പങ്കുവച്ചുകൊണ്ട് കലര്‍പ്പില്ലാത്ത, പ്രകൃതികൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിജി.
കാർഷിക സംസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത് എങ്കിലും ഇവിടുത്തെ ജനങ്ങൾ കൃഷിയിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ മുഴുവൻ ജനതയ്ക്കും ആവശ്യമായ കാർഷികോല്പന്നങ്ങൾ നൽകാൻ മാത്രം പ്രാപ്തമല്ല ഇവിടുത്തെ കൃഷിയിടങ്ങൾ. ഫലമോ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ഉൽപ്പന്നങ്ങളിൽ സംതൃപ്തരാകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇത്തരം കാർഷികോല്പന്നങ്ങളിൽ കീടനാശികളുടെയും രാസവളങ്ങളുടെയും സാന്നിധ്യം ഏറെ കൂടിയ അളവിലാണ്.
ഇത്തരമൊരു അവസ്ഥയിലാണ് പ്രകൃതികൃഷിയിലൂടെ ശ്രദ്ധേയയായ ബിജി അബൂബക്കർ എന്ന വനിത നാച്ചുറൽ എഡിബിൾസ് എന്ന വനിത നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡുമായി എത്തുന്നത്. വർഷങ്ങളായി പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി കാലങ്ങളുടെ ഗവേഷണത്തിലൂടെയുമൊക്കെ വികസിപ്പിച്ചെടുത്തതാണ് നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡിന്റെ ആശയം.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന നാച്ചുറൽ എഡിബിൾസ് ഔട്ട്ലെറ്റിലൂടെ സുഭാഷ് പലേക്കർ വിഭാവനം ചെയ്ത പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ തന്നെ ഷെൽഫ് ലൈഫ് കുറവാണ് ഉൽപ്പന്നങ്ങൾക്ക്. എന്നാൽ ആരോഗ്യം വർധിപ്പിക്കും എന്നതിൽ സംശയം വേണ്ട. വെളിച്ചെണ്ണ, ശുദ്ധമായ നെയ്യ്, തേന്‍ എന്നിവയും ഇവിടെ ലഭ്യമാണ്. തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരെയാണ് ഉല്പന്നങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്നത്. എറണാകുളത്ത് ഉള്ളവർക്ക് ഓൺലൈൻ ആയി സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള സൗകര്യമുണ്ട് നാച്ചുറൽ എഡിബിൾസിന്. ലോകത്തിന്റെ ഏത് ഭാഗത്തേക്കും കൊറിയർ ആയി ഉൽപ്പന്നങ്ങൾ അയക്കാനുള്ള സൗകര്യവും ഉണ്ട്. അധികം വൈകാതെ തന്നെ നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡിന്റെ കൂടുതൽ ഔട്ട്ലെറ്റുകൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജിയും കൂട്ടരും.