.jpg)
ഭക്ഷ്യസംരഭകര്‍ക്ക് പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്കാന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ‘മില്ലറ്റും മീനും’ പ്രദര്‍ശന ഭക്ഷ്യമേളയിലാണ് സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സംഗമം.
കേന്ദ്ര സര്‍ക്കാറിന് കീഴിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്കുന്ന സേവനങ്ങളും സഹായങ്ങളും അതാത് സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നേരിട്ട് വിശദീകരിയ്ക്കും. ശനിയാഴ്ച (30.12.2023)) രാവിലെ 10 മുതല്‍ ഉച്ചവരെയാണ് സംഗമം.
ഫുഡ് ടെക്നോളജി, ഭക്ഷ്യസംസ്കരണം, മൂല്യവര്‍ധിത ഉല്പാദനം, പായ്ക്കിങ്, വിപണനം തുടങ്ങി വിവിധ മേഖലകളില്‍ നവസംരംഭകര്‍ക്ക് കരുത്തുപകരുന്ന ആശയങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നല്കുന്ന ഇന്‍കുബേഷന്‍ സൗകര്യങ്ങളും അടുത്തറിയാനാകും.

തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം.
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ വഴി എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയ്ന് നടത്താന്‍ വ്യവസായ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഏകദിന ശില്പശാലകള് സംഘടിപ്പിക്കും. വിദഗ്ധര്‍ ക്ലാസ് നയിക്കും.
ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം
സംരംഭക സാധ്യതയുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തി ‘ഒരു തദ്ദേശസ്ഥാപനം, ഒരു ഉത്പന്നം’ പദ്ധതി നടപ്പാക്കും. 640 തദ്ദേശസ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ മൂല്യവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണയേകാന്‍ 50,000 രൂപവരെ ധനസഹായം പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.

മലപ്പുറം മഞ്ചേരി സ്വദേശിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് ശ്രദ്ധേയമാകുന്നു.
ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയിലും എ.ഐ തരംഗമാണ്. കേരളത്തില്‍ പിറവിയെടുത്ത് ആഗോള വിപണികളിലേക്ക് കടക്കുന്ന കുട്ടികളുടെ ലക്ഷ്വറി ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് ആയ ടൈനി മാഫിയയും മാര്‍ക്കറ്റിംഗില്‍ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ്. അന്ന എന്ന എ.ഐ വെര്‍ച്വല്‍ അവതാറിനെയാണ് ടൈനി മാഫിയ അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ ഫാഷന്‍ സെഗ്മെന്റില്‍ ഇന്ത്യയിലെ ആദ്യ എ.ഐ വെർച്വൽ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ”എ.ഐ ബ്രാന്‍ഡ് അംബാസഡര്‍ ഞങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്കും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും സഹായിക്കുമെന്നും ഒപ്പം അത് ഞങ്ങളെ മാര്‍ക്കറ്റില്‍ വ്യത്യസ്തരാക്കുമെന്നുമാണ് കരുതുന്നത്” ടൈനി മാഫിയയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷൈജു അനസ് പറഞ്ഞു.
പുതിയ തലമുറയിലെ രക്ഷിതാക്കളുടെ ആവശ്യവും അഭിരുചികളും തിരിച്ചറിഞ്ഞു കൊണ്ടുമുള്ള മികച്ച ഗുണനിലവാരമുള്ള കൂടുതല്‍ വൈവിധ്യമാര്‍ന്ന ഇന്തോ-വെസ്റ്റേണ്‍ ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍ ഈ സെഗ്മെന്റില്അവതരിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി ഇന്ത്യയിലെ ലക്ഷ്വറി കിഡ്സ് ഫാഷന്‍ ബ്രാന്‍ഡ് വിഭാഗത്തില്‍ ഒന്നാമതാകാനാണ് കമ്പനി പദ്ധതിയിടുന്നത്.
പുതുവര്‍ഷാരംഭത്തില്‍ തന്നെ ഇ കോമേഴ്സ് വിപണിയിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നു. www.tinymafia.in എന്ന വെബ്സൈറ്റ് വഴിയും രാജ്യത്തെ പ്രമുഖ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകള് വഴിയും തുടക്കത്തില്‍ ടൈനി മാഫിയ തങ്ങളുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യും.
2024 ഏപ്രിലോടു കൂടി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എക്സ്ക്ലുസീവ് റീറ്റെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് ടൈനി മാഫിയ ലക്ഷ്യം വെക്കുന്നത്. നവജാത ശിശുക്കള്‍ മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് ആരംഭിച്ചിട്ടുള്ളത്.

മൂന്നുമാസം കൂടി ശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ വിതരണത്തെ മറികടക്കാനാകുമെന്ന് പ്രതീക്ഷ.
ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ നടപ്പുവര്‍ഷം വിതരണം ചെയ്ത വായ്പകള്‍ 10,000 കോടി രൂപ കവിഞ്ഞു. 12.59 ലക്ഷം അപേക്ഷകര്‍ക്കായി 10,889.96 കോടി രൂപയാണ് ഈ വര്‍ഷം (2023-24) ഇതിനകം ബാങ്കുകള്‍ മുദ്രാ വായ്പയായി അനുവദിച്ചത്. ഇതില്‍ 10,753.88 കോടി രൂപ വിതരണം ചെയ്തു.
വായ്പ കൂടുതല്‍ കിഷോര്‍ വിഭാഗത്തില്‍
50,000 രൂപവരെ വായ്പ ലഭിക്കുന്ന ശിശു, 50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം രൂപവരെ ലഭിക്കുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ ലഭിക്കുന്ന തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്.
ഇതില്‍ കിഷോര്‍ വിഭാഗത്തിലാണ് കേരളത്തില്‍ കൂടുതല്‍ തുക വിതരണം ചെയ്തത്. 4.90 ലക്ഷം അപേക്ഷകര്‍ക്കായി 5,427.76 കോടി രൂപ ഈയിനത്തില്‍ അനുവദിച്ചു; ഇതില്‍ 5,350.30 കോടി രൂപ വിതരണം ചെയ്തു.
ശിശുവും തരുണും
ശിശു വിഭാഗത്തില്‍ 7.40 ലക്ഷം പേര്‍ക്കായി 2,575.96 കോടി രൂപയുടെ വായ്പാനുമതി ഇതിനകം നല്കി. ഇതില്‍ 2,564.46 കോടി രൂപ വിതരണം ചെയ്തു. തരുണ്‍ വിഭാഗത്തിലെ അപേക്ഷകര്‍ 28,910 പേരാണ്. 2,886.23 കോടി രൂപയുടെ വായ്പാനുമതി ഇവര്‍ക്കായി നല്‍കിക്കഴിഞ്ഞു. ഇതില്‍ 2,839.12 കോടി രൂപ വിതരണം ചെയ്തു.
കഴിഞ്ഞവര്‍ഷം ₹15,000 കോടി
ബാങ്കുകള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) എന്നിവ വഴിയുമാണ് മുദ്രാ വായ്പകളുടെ വിതരണം.2022-23ല്‍ മുദ്രാ വായ്പയായി കേരളത്തില്‍ വിതരണം ചെയ്തത് 15,079 കോടി രൂപയാണ്. 17.81 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നടപ്പുവര്‍ഷം മൂന്നുമാസം കൂടി (ജനുവരി-മാര്‍ച്ച്) ശേഷിക്കേ, കഴിഞ്ഞവര്‍ഷത്തെ വിതരണത്തെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷകള്‍.