
2030 ഓടെ രാജ്യത്തെ ഓട്ടോമോട്ടീവ്-ഘടക ഉൽപ്പാദനം 145 ബില്യൺ ഡോളറിലെത്തുമെന്ന് നിതി ആയോഗ്. കയറ്റുമതി മൂന്നിരട്ടിയാകും. അതായത് 20 ബില്യൺ ഡോളറിൽ നിന്ന് 60 ബില്യൺ ഡോളറായി ഉയരുമെന്നും നിതി ആയോഗ് റിപ്പോർട്ട്.
ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖലയെക്കുറിച്ചുള്ള വിപുലമായ വിശകലനവും ആഗോള ഓട്ടോമോട്ടീവ് വിപണികളിൽ ഇന്ത്യയുടെ സ്ഥാനവും കാണിക്കുന്ന രൂപരേഖയും റിപ്പോർട്ട് നൽകുന്നു.
ഓട്ടോമോട്ടീവ് മേഖലയിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി തന്ത്രപരമായ സാമ്പത്തിക, സാമ്പത്തികേതര ഇടപെടലുകളെയും നിതി ആയോഗ് വിശദീകരിക്കുന്നു.
ചൈന, യുഎസ്എ, ജപ്പാൻ എന്നിവയ്ക്ക് ശേഷം ഏകദേശം 6 ദശലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദനത്തോടെ ഇന്ത്യ നാലാമത്തെ വലിയ ആഗോള ഉൽപ്പാദക രാജ്യമായി ഉയർന്നുവന്നിട്ടുണ്ട്. എങ്കിലും ആഗോള ഓട്ടോമോട്ടീവ് ഘടക വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ഒരു ചെറിയ പങ്ക് (ഏകദേശം 3 ശതമാനം) മാത്രമേയുള്ളൂ. അതായത്, ഏകദേശം 20 ബില്യൺ ഡോളർ.
ഗ്ലോബൽ വാല്യൂ ചെയിൻ (ജിവിസി) മത്സരശേഷിയെ തടസ്സപ്പെടുത്തുന്ന പ്രവർത്തനച്ചെലവ്, അടിസ്ഥാന സൗകര്യ വിടവുകൾ, മിതമായ ജിവിസി സംയോജനം, അപര്യാപ്തമായ ഗവേഷണ വികസന ചെലവ് മുതലായവ കാരണം ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖല വെല്ലുവിളികൾ നേരിടുന്നുവെന്ന് നിതി ആയോഗ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഷിപ്പിംഗ് വ്യവസായത്തിന്മേൽ ആഗോള കാർബൺ നികുതി വരുന്നൂ. ഐക്യരാഷ്ട്രസഭയുടെ ഷിപ്പിംഗ് ഏജൻസി ചുമത്തിയ ലോകത്തിലെ ആദ്യത്തെ ആഗോള കാർബൺ നികുതിയെ ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങൾ അനുകൂലിച്ചു. ലണ്ടനിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) ആസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. ഈ വർഷം ഒക്ടോബറിൽ നയം ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതാദ്യമായാണ്, ഒരു വ്യവസായത്തിനു മുഴുവനായി ആഗോള കാർബൺ നികുതി ചുമത്തുന്നത്. കപ്പലുകളിൽ നിന്ന് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. അതുവഴി വായു മലിനീകരണം നിയന്ത്രിക്കാൻ കഴിയും. ഇതനുസരിച്ച്, 2028 മുതൽ കപ്പലുകൾ കുറഞ്ഞ മലിനീകരണ ഇന്ധനങ്ങളിലേക്ക് മാറുകയോ അല്ലെങ്കിൽ അവ സൃഷ്ടിക്കുന്ന മലിനീകരണത്തിന് ഫീസ് നൽകേണ്ടിവരുകയോ ചെയ്യണം.
ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ 63 രാജ്യങ്ങൾ ഈ കരാറിനെ പിന്തുണച്ചെങ്കിലും സൗദി അറേബ്യ, യുഎഇ, റഷ്യ, വെനിസ്വേല തുടങ്ങിയ എണ്ണ സമ്പന്ന രാജ്യങ്ങൾ നികുതിയെ എതിർക്കുകയായിരുന്നു. യുഎസ് പ്രതിനിധി സംഘം ചർച്ചകളിൽ പങ്കെടുത്തില്ല, വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു.
2030 ഓടെ നികുതി 40 ബില്യൺ ഡോളർ വരെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഫണ്ടുകളും ഷിപ്പിംഗ് വ്യവസായത്തിലെ എമിഷൻ കുറയ്ക്കുന്നതിന് മാത്രമായി ഉപയോഗിക്കാനാണ് തീരുമാനം.
യൂറോപ്യൻ ക്ലൈമറ്റ് ഫൗണ്ടേഷന്റെ സിഇഒ ലോറൻസ് ടുബിയാന, ഷിപ്പിംഗിനായി ആഗോള കാർബൺ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഒരു നല്ല ചുവടുവയ്പ്പാണെന്ന് അഭിപ്രായപ്പെട്ടു. മലിനീകരണം സൃഷ്ടിക്കുന്നവർ കാലാവസ്ഥയ്ക്ക് വരുത്തുന്ന നാശത്തിന് പണം നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാര കരാറുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ രണ്ട് ഒഴിവാക്കലുകൾ ഉണ്ടാകാം, പക്ഷേ 10% അടിസ്ഥാന താരിഫ് ആയി തുടരാനാണ് സാധ്യത. ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ”വ്യക്തമായ കാരണങ്ങൾ” എന്താണെന്ന് അദ്ദേഹം പറഞ്ഞില്ല, കൂടാതെ തന്റെ താരിഫ് അജണ്ടയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്ന കാര്യത്തിൽ വ്യക്തമായ സൂചയും ട്രംപ് നൽകിയില്ല.
അതേസമയം യുഎസും ചൈനയും തമ്മിലുള്ള ‘ടൈറ്റ്-ഫോർ-ടാറ്റ്’ താരിഫുകൾ വികസ്വര രാജ്യങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.
ചൈനയ്ക്കും യുഎസിനും ഇടയിലുള്ള ഈ സംഘർഷം തുടർന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ 80 ശതമാനം കുറവുണ്ടാകും, അതിന്റെ പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും. വിദേശ സഹായം പിൻവലിക്കുന്നതിനേക്കാൾ വളരെ ദോഷകരമായ പ്രത്യാഘാതങ്ങൾ താരിഫുകൾക്ക് ഉണ്ടാകാം,” കോക്ക്-ഹാമിൽട്ടൺ പറഞ്ഞു.

തീയറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതോടെ മലയാള സിനിമയും തീയറ്ററുകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഏപ്രില്‍ 10 വരെ 69 സിനിമകളാണ് മലയാളത്തില്‍ റിലീസായത്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളുടെ എണ്ണം അഞ്ചില്‍ താഴെ സിനിമകൾക്ക് മാത്രമാണ്.
നാലംഗങ്ങളുള്ള ഒരു കുടുംബം തീയറ്ററിലെത്തി ഒരു സിനിമ കണ്ടുമടങ്ങണം എങ്കിൽ ചുരുങ്ങിയത് 1,000 രൂപ എങ്കിലും ചിലവാകും. തീയറ്ററിലെത്തുന്ന സിനിമകൾ ഒ.ടി.ടിയില്‍ അധികം വൈകാതെ എത്തുന്നതും തീയറ്ററിലെത്തി സിനിമ കാണുന്നത് കൂടുതല്‍ പണച്ചെലവേറിയ കാര്യമായി മാറിയതുമാണ് സിനിമ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. കുഞ്ചാക്കോ ബോബന് അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന സമയത്ത് തന്നെ ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിനുശേഷം തീയറ്ററുകളില്‍ പെട്ടെന്ന് ആളു കുറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒ.ടി.ടികളില്‍ സിനിമകള്‍ നേരത്തെ എത്തുന്നത് തീയറ്റുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ഉടമകള്‍ പറയുന്നത്.
മുമ്പൊക്കെ മധ്യവേനല്‍ അവധിക്കാലം സിനിമകളുടെ നല്ല കാലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റി. തീയറ്ററിലെത്തി സിനിമ കാണുന്നതിനോട് മലയാളികള്‍ക്ക് പഴയ താല്പര്യമില്ലെന്ന സൂചനകളാണ് ഇതു നല്‍കുന്നത്.
ഏപ്രില്‍ 10 വരെ റിലീസായ ചിത്രങ്ങളിൽ ആസിഫലി നായകനായ രേഖചിത്രം ആണ് കൂടുതല്‍ ലാഭമുണ്ടാക്കിയ ചിത്രം. എംപുരാന് 150 കോടിക്ക് അടുത്ത് കളക്ട് ചെയ്തെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എന്നാൽ മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. ചിത്രത്തിന്റെ ബജറ്റ് ഉയര്‍ന്നതാണ് കാരണം.