
ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് കെ–സ്പേസ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ 3.5 ഏക്കറിലാണ് ഹബ്ബിനു കെട്ടിടം നിർമിക്കുന്നത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്ന് 229.30 കോടി വായ്പ ഉൾപ്പെടെ 241.38 കോടി രൂപയാണ് ചെലവഴിക്കുക. പദ്ധതിച്ചെലവിന്റെ 5% സംസ്ഥാന സർക്കാർ വഹിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം ടെൻഡർ നടപടി ആരംഭിക്കും.
ടെക്നോസിറ്റിയിൽ ഏറ്റെടുത്ത ഭൂമിക്കു സമീപം 11.5 ഏക്കർ കൂടി സർക്കാർ അനുവദിച്ചെങ്കിലും ഇവിടേക്കു റോഡ് റോഡ് നിർമിക്കുന്നതിനു ചർച്ച നടക്കുകയാണ്. 3 ഏക്കർ കൂടി ഇവിടെ കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നു. വലിയമലയിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് യൂണിറ്റ് (എൽപിഎസ്സി), വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഉപകേന്ദ്രം തുടങ്ങിയവയുടെ സമീപത്തായി 13 ഏക്കറും വേളിയിൽ വിഎസ്എസ്സിക്കു സമീപം 60 ഏക്കറും ഏറ്റെടുത്ത് ബഹിരാകാശ അനുബന്ധ വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി കെ–സ്പേസിന്റെ നേതൃത്വത്തിൽ എയ്റോസ്പേസ് സിസ്റ്റംസ് കൺട്രോൾ സെന്റർ സെന്റർ നിർമിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്. ടെക്നോപാർക്ക് മാതൃകയിലാണ് സ്പേസ് പാർക്കും സജ്ജമാക്കുക. ബഹിരാകാശ, പ്രതിരോധ മേഖലകളിൽ ഉണ്ടായ ഉണർവ് മുതലെടുത്ത് കൂടുതൽ വ്യവസായ സംരംഭങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) പ്രധാന കേന്ദ്രങ്ങളിൽ പലതും തിരുവനന്തപുരത്തു പ്രവർത്തിക്കുന്നതും പ്രയോജനപ്പെടുത്താനാകും.

സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്കാരം ഒഇഎൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പമേല അന്ന മാത്യുവിന് (രണ്ടരലക്ഷം രൂപ).
സംസ്ഥാനതല പുരസ്കാരം (ഒരു ലക്ഷം രൂപ) ജേതാക്കൾ (വിഭാഗം, യൂണിറ്റിന്റെ പേര്, ജില്ല, സംരംഭകൻ എന്ന ക്രമത്തിൽ):
ഉൽപാദന യൂണിറ്റ്– സൂക്ഷ്മം: കല്യാണി ഫുഡ് പ്രോഡക്ട്സ്, കൊല്ലം, എൻ.സുജിത്. ചെറുകിട യൂണിറ്റ്: മറൈൻ ഹൈഡ്രോ കൊളോയ്ഡ്സ്, എറണാകുളം, കുര്യൻ ജോസ്. ഇടത്തരം: സൗപർണിക എക്സ്പോർട്സ്, കൊല്ലം, വസന്തകുമാരൻ ഗോപാലപിള്ള. ലാർജ് ആൻഡ് മെഗാ: എ.കെ.നാച്വറൽ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട, മനോജ് മാത്യു.
പ്രത്യേകവിഭാഗം (50000 രൂപ) പട്ടികജാതി: ഫീകോർ ഇലക്ട്രോണിക്സ്, മലപ്പുറം, എം.മണി. വനിത: സഞ്ജീവനി കുടുംബശ്രീ യൂണിറ്റ്, മലപ്പുറം, ഉമ്മു സൽമ. കയറ്റുമതി അധിഷ്ഠിത യൂണിറ്റ്: മാൻ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം, ജീമോൻ കോര. സ്റ്റാർട്ടപ്: വർഷ്യ എക്കോ സൊല്യൂഷൻസ്, തിരുവനന്തപുരം, നിതീഷ് സുന്ദരേശൻ.
മികച്ച കോർപറേഷൻ: തൃശൂർ. മുനിസിപ്പാലിറ്റി: മണ്ണാർക്കാട് (പാലക്കാട്), ഗ്രാമ പഞ്ചായത്ത്: ചവറ (കൊല്ലം).നിക്ഷേപ സൗഹൃദത്തിനുള്ള പ്രത്യേക പുരസ്കാരം: ദിനേശ് നിർമൽ (ഐബിഎം സീനിയർ വൈസ് പ്രസിഡന്റ്).
ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നാമത് എറണാകുളം. തിരുവനന്തപുരം രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. 100% ലക്ഷ്യം കൈവരിച്ച വിഭാഗത്തിൽ വയനാട് ജില്ലാ വ്യവസായ കേന്ദ്രമാണ് ഒന്നാമത്. തൃശൂരാണു രണ്ടാമത്. ആലപ്പുഴയും കണ്ണൂരുമാണു മൂന്നാമത്. പത്തനംതിട്ടയും കൊല്ലവും പ്രത്യേക പരാമർശത്തിന് അർഹമായി.
അടുത്ത തവണ ഭിന്നശേഷി, ട്രാൻസ്ജൻഡർ വിഭാഗത്തിനും പുരസ്കാരം ഏർപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.

സാങ്കേതികതവിദ്യയോടുള്ള അഭിനിവേശവും കോളേജിൽ ചെയ്ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശവും മാത്രമായിരുന്നു അവരുടെ നിക്ഷേപം.
പത്തു കൊല്ലം മുമ്പ് അവർ ആറ് സുഹൃത്തുക്കൾ ഒരു ടെക്നോളജി കമ്പനി തുടങ്ങാനൊരുങ്ങുമ്പോൾ ഇന്ന് കാണുന്ന സ്റ്റാർട്ടപ്പ് തരംഗം കേരളത്തിന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. എഐ അഥവാ നിർമിതബുദ്ധിയാകട്ടെ ഐടി രംഗത്തെ വരേണ്യർക്കിടയിലെ ചിന്താവിഷയമായിരുന്നു. ഇന്നിപ്പോൾ കേരളം അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി മാറിയിരിക്കുന്നു. എഐ നിത്യജീവിതത്തിന്റെ ഭാഗവും.
കളമശേരിയിലെ സ്റ്റാർട്ടപ്പ് മിഷന്റെ ക്യാമ്പസിൽ പ്രവർത്തിക്കുന്ന റിയാഫി ടെക്നോളജീസാകട്ടെ ഒരു ദശകത്തിനിടെ സംഭവിച്ച ഈ രണ്ടു മാറ്റങ്ങളുടെയും യഥാർത്ഥ പ്രതിനിധിയായി യാത്ര തുടരുന്നു.
2013 ൽ എൻജിനീയറിങ് പഠനം കഴിഞ്ഞതിന്റെ പിന്നാലെയാണ് ആറംഗ സംഘം തങ്ങളുടെ സംരംഭം ആരംഭിച്ചത്. സാങ്കേതികതവിദ്യയോടുള്ള അഭിനിവേശവും കോളേജിൽ ചെയ്ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശവും മാത്രമായിരുന്നു അവരുടെ നിക്ഷേപം. പരസ്പരം നേരിട്ട് ബന്ധമില്ലാത്ത വസ്തുക്കളോ വ്യക്തികളോ പങ്കിടുന്ന പൊതുവായ ഘടകങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഒരു ടെക്നോളജി പ്രൊജക്റ്റിന്റെ ഭാഗമായി അവർ നിർമിച്ചിരുന്നു. കോളേജിലെ ക്വിസ് മത്സരം കുറച്ചുകൂടി ആവേശകരമാക്കുകയെന്നതായിരുന്നു യഥാർത്ഥ ഉദ്ദേശം.
തങ്ങളുടെ കണ്ടുപിടുത്തത്തിന് പേറ്റന്റ് വാങ്ങാനായി ചെന്നൈയിൽ ചെന്നപ്പോഴല്ലേ രസം. ആഗോള ഐടി ഭീമന്മാരായ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവർ നേരത്തെ തന്നെ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അപ്പോഴാണവർ അറിഞ്ഞത്. വമ്പന്മാരുടെ ഒപ്പമാണ് തങ്ങളുടെ കണ്ടുപിടുത്തമെന്ന വസ്തുത അവർക്ക് ആവേശം പകർന്നു. പക്ഷെ മുന്നോട്ടുള്ള യാത്രക്ക് അതൊരു വെല്ലുവിളിയുമായിരുന്നു.
കളമശ്ശേരിയിലെ മേക്കർ വില്ലേജിൽ ക്ലാസ് എടുക്കാൻ വന്ന അമേരിക്കൻ വിദഗ്ധനോടുള്ള ഇടപെടലാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഒരു കണ്ടുപിടുത്തത്തിന് മൂല്യമുണ്ടാകണമെങ്കിൽ അതൊരുൽപ്പന്നമാക്കി മാറ്റണമെന്ന ബാലപാഠം അദ്ദേഹമാണ് അവരെ പഠിപ്പിച്ചത്. അവരിലാർക്കും ബിസിനസ് രംഗത്ത് യാതൊരു മുൻപരിചയവുമില്ലായിരുന്നു.
സ്റ്റാർട്ടപ്പ് പിന്നീട് ആപ്പ് നിർമ്മാണത്തിലേക്ക് തിരിഞ്ഞു. ലോകമെമ്പാടും ഹിറ്റായി മാറിയ പാചക ആപ്പായ കുക്ക്ബുക്ക് എന്ന മുൻനിര ഉൽപ്പന്നവുമായി റിയാഫി വിപണിയിലെത്തി. 2015 മുതൽ അഞ്ച് വർഷത്തേക്ക് തുടർച്ചയായി Google I/O-ൽ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഡെവലപ്പറായി റിയാഫി മാറി.
തുടങ്ങിയിട്ട് ഒരു ദശാബ്ദമായെങ്കിലും റിയാഫി ഇതുവരെ നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടില്ല. നിക്ഷേപങ്ങളോട് സ്വീകരിച്ചിട്ടില്ല. നിക്ഷേപങ്ങളോട് യാതൊരു വിരോധവുമില്ല, എന്നാൽ അടുത്ത ഘട്ടത്തിലേക്ക് സ്വന്തമായി എത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് കമ്പനിയുടമകൾ പറയുന്നത്.
ജോൺ മാത്യു കമ്പനിയുടെ സിഇഒയും നീരജ് മനോഹരൻ സിഒഒയുമാണ്. ശ്രീനാഥ് കെ വി (സിടിഒ), ബെന്നി സേവ്യർ (സിഐഒ) , ജോസഫ് ബാബു (സിഎംഒ), ബിനോയ് ജോസഫ് (സിഎഫ്ഒ) എന്നിവരാണ് മറ്റ് സഹസ്ഥാപകർ.

അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും ഐഎച്ച്ആർഡിയും ചേർന്ന് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി .
യുവാക്കളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ പരിശീലനം നൽകാനും ഉദ്ദേശിച്ചാണ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മിഷൻ 1000 പദ്ധതി വഴി ആയിരം എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമം. 2016ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 5000 കടന്നതായും മുഖ്യമന്ത്രി പറഞ്ഞു.