
മനുഷ്യ മസ്തിഷ്കവും ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയിൽ ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനിക്ക് വൻ മത്സരമൊരുക്കി എതിരാളി. ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോൺ വൻരീതിയിലുള്ള ക്ലിനിക്കൽ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി ആളുകളെയും വൈദ്യശാസ്ത്ര വിദഗ്ധരെയും കമ്പനി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് സങ്കീർണമായ ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്.ഈ രംഗത്തെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറലിങ്ക് ഈ വർഷം നടത്തിയത്. തലച്ചോറിൽ സ്ഥാപിച്ച സവിശേഷ ഇംപ്ലാന്റ് വഴി വയർലെസ് രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായി.
29 വയസ്സുകാരനായ നോളണ്ട് ആർബോഗ് എന്ന മുൻ യുഎസ് ഡൈവിങ് താരം തലച്ചോർ ഉപയോഗിച്ച് കംപ്യൂട്ടർ കഴ്സറിനെ നിയന്ത്രിച്ചു. 8 വർഷങ്ങൾക്കു മുൻപ് അപകടത്തെത്തുടർന്ന് ശരീരം തളർന്ന ആർബോഗ് തന്റെ തലച്ചോറിനാൽ എട്ടുമണിക്കൂറാണു ചെസ് കളിച്ചത്. ടെലിപ്പതി എന്നാണ് മസ്ക് ഈ സാങ്കേതികവിദ്യാപദ്ധതിക്ക് പേരു നൽകിയിരിക്കുന്നത്.
തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റുകൾ സ്ഥാപിച്ച് ന്യൂറോണുകളെ വിലയിരുത്തുന്ന രീതിയാണ് ഇൻവേസീവ് ഗണത്തിൽ വരുന്നത്. ഇത് വയേഡ് രീതിയിലോ വയർലെസ് രീതിയിലോ കംപ്യൂട്ടർ സംവിധാനവുമായി ബന്ധിപ്പിക്കും. വയർലെസ് രീതിയാണ് ന്യൂറലിങ്ക് അവലംബിച്ചത് (അതായിരുന്നു അതിന്റെ പ്രാധാന്യവും) . നോൺ ഇൻവേസീവ് രീതിയിൽ രീതിയിൽ ശസ്ത്രക്രിയകളില്ല. തലയിൽ ധരിച്ചിരിക്കുന്ന ഇൻഫ്രാറെഡ് ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് ഇതിൽ ലഭിക്കുന്നത്. ഇൻവേസീവ് രീതിയുടെ അത്ര ഫലപ്രദമല്ല ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം ഇതിൽ വിവരശേഖരണത്തിന് വേണ്ടിവരും.
മനുഷ്യന്റെ സ്വകാര്യതയിലുള്ള ഏറ്റവും വലിയ കടന്നുകയറ്റമായിരിക്കും ഇതെന്ന് വിമർശനമുണ്ട്. കുറേക്കാലം കഴിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കാൻ ന്യൂറലിങ്കിന് പ്ലാനുണ്ടെന്ന് ഇലോൺ മസ്ക് ഇടയ്ക്ക് പറഞ്ഞത് ഇതുമായി ചേർത്തുവയ്ക്കപ്പെടുന്നു.നമ്മുടെ ചിന്താരീതികളൊക്കെ മെഷീനുകൾ മനസ്സിലാക്കിയാൽ അവ മനുഷ്യനുമേൽ മെഷീനുകൾ ആധിപത്യം നേടുന്ന സൂപ്പർ ഇന്റലിജൻസിനു വഴിവയ്ക്കുമെന്നു ചില ഗവേഷകർ പറയുന്നു.

എയ്റോസ്പേസ് എൻജിനീയറിങ് കഴിയുമ്പോൾ വർഷ അനൂപും സഹപാഠി ഷോമിക് മൊഹന്തിയും സ്വപ്നം കണ്ടത് വൈദ്യുതിയിൽ ഓടുന്ന ചെറുവിമാനമാണ്. ചിന്തകളും സ്വപ്നങ്ങളും അതിലായപ്പോൾ വിയോമ മോട്ടോഴ്സ് എന്ന സ്ഥാപനം പിറന്നു. എന്നാൽ, വൈദ്യുതി വിമാനത്തിനു പകരം വിയോമയിൽ നിന്ന് ആദ്യം വിപണിയിലെത്താൻ ഒരുങ്ങുന്നത് സ്മാർട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ആണെന്നു മാത്രം. ‘തണ്ടർബോൾട്ട്’ സ്കൂട്ടറും ‘സ്റ്റാർക്’ ബൈക്കും. തണ്ടർബോൾട്ട് സെപ്റ്റംബറിൽ റോഡിലിറങ്ങും.
കണ്ണൂർ തിലാനൂർ സ്വദേശി വർഷ അനൂപും സഹപാഠി ഹരിയാന സ്വദേശി ഷോമിക് മൊഹന്തിയും ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുമ്പോൾ പങ്കുവച്ച ആശയങ്ങളാണ് യാഥാർഥ്യമായി തുടങ്ങുന്നത്. തിലാനൂർ വർഷ നിവാസിൽ എം.കെ.അനൂപിന്റെയും വി.പി.പ്രീതയുടെയും മകളാണ് വർഷ. 2017ൽ പഠനം പൂർത്തിയായി ഇറങ്ങിയതോടെ വർഷയും ഷോമികും സ്വപ്നങ്ങൾക്കു പിറകെയായി. കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെ സ്റ്റാർട്ടപ്പ് മത്സരത്തിൽ ജേതാക്കളായപ്പോൾ ലഭിച്ച ഒരു കോടി രൂപ ഇ– സ്വപ്നങ്ങൾക്കു ചിറകു പകർന്നു.
സാങ്കേതിക വിദഗ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഹോസെഫ ഇറാനി കൂടി കൂടെ ചേർന്നപ്പോൾ വിയോമ മോട്ടോഴ്സ് പിറന്നു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ചേഴ്സ് വിയോമ മോട്ടോഴ്സിൽ നിക്ഷേപം നടത്തിയതോടെ എല്ലാറ്റിനും വേഗമേറി.
നവി മുംബൈയിലാണ് വിയോമയുടെ നിർമാണ യൂണിറ്റ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഓടുന്ന തണ്ടർബോൾട്ട് ഇ– സ്കൂട്ടറാണ് ആദ്യം വിപണിയിലെത്തുന്നത്. അഞ്ചു നിറത്തിൽ ഇറങ്ങുന്ന സ്കൂട്ടറിനു വില 1.4 ലക്ഷം രൂപ മുതൽ 1.8 ലക്ഷം വരെ. വൈദ്യുതി വിമാനമെന്ന സ്വപ്നം വിയോമ യാഥാർഥ്യമാക്കുമെന്നും വർഷ പറയുന്നു.

രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് എയർ ടാക്സി മാതൃക അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. നാലു പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇപ്ലെയിൻ വികസിപ്പിക്കുന്നത്. ഇത് എയർ ആംബുലൻസായും ഉപയോഗിക്കാം.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ സർവീസ് തുടങ്ങും.2–6 കിലോഗ്രാം വരെ വഹിക്കാവുന്ന ഡ്രോൺ സർവീസ് വാണിജ്യാടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

സ്മാർട്ട് ഫോൺ ഇന്ത്യയിൽ പിച്ചവച്ചു തുടങ്ങുന്ന കാലത്തേ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ആശയം അവതരിപ്പിച്ച ജോൺ മാത്യുവും നീരജ് മനോഹരനും. ദീർഘദൂര യാത്രയിൽ ബാക്ക് പാക്ക് പോലെ ഒപ്പം കൊണ്ടുപോകാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ വികസിപ്പിച്ച ശ്യാം പ്രദീപ് ആലിൽ. പ്രതിഭയുടെ തിളക്കം പേറുന്ന പേറ്റന്റ് അംഗീകാരത്തിന്റെ നിറവിലാണ് ഈ മലയാളി സ്റ്റാർട്ടപ് സംരംഭകർ.
തിരിച്ചു സംസാരിക്കുന്ന ക്വിസ് എന്ന ആശയത്തിനാണ് ജോൺ മാത്യുവും നീരജും ഉൾപ്പെട്ട റിയാഫൈ ടെക്നോളജീസ് പേറ്റന്റ് നേടിയത്. ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം ആരെന്നു ചോദ്യത്തിനു സൗരവ് ഗാംഗുലിയെന്ന് ഉത്തരം നൽകിയാൽ ക്വിസ് ക്ലൂ തരും. സച്ചിൻ തെൻഡുൽക്കറെന്ന ഉത്തരത്തിലെത്തിക്കുന്ന ക്ലൂ. ഏതു രണ്ടു കാര്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്ന എഐ എൻജിനാണ് അവർ വികസിപ്പിച്ചത്. ‘റിയ’ അഥവാ റിലേഷനൽ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ സിസ്റ്റം.
ഒപ്പം കൊണ്ടു നടക്കാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ എന്ന ആശയം വികസിപ്പിച്ചതിനാണ് ഇൻഫ്യൂസറി ടെക് ലാബ്സിന് പേറ്റന്റ്. പോർട്ടിറ്റോ എന്നു പേരിട്ട പോർട്ടബിൾ യൂറിനൽ പോട്ട് വിപണിയിലെത്തിക്കാൻ നിക്ഷേപകരെ തേടുകയാണു സഹസ്ഥാപകൻ ശ്യാം. സ്വകാര്യത നഷ്ടപ്പെടാതെ മൂത്രശങ്ക തീർക്കാൻ കഴിയും വിധമാണു പോർട്ടിറ്റോയുടെ രൂപകൽപന.