
രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമാണ് കർണാടകം. ഏപ്രിൽ 1 മുതൽ കർണാടകയിൽ പാലിന് വില കൂടും. കർണാടകത്തിലെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെയും തൈരിൻ്റെയും വിൽപ്പന വില ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. പാൽ ഉൽപാദനത്തിൻ്റെയും സംസ്കരണത്തിൻ്റെയും ചെലവ് കണക്കിലെടുത്താണ് വില വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാക്കറ്റ് പാലിന് 48 രൂപയാകും.
കർണാടകത്തിൽ പാൽ വില കൂട്ടുന്നതിൽ മലയാളികൾ ആശങ്കപ്പെടണോ?
പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകത്തിൽ നിന്നും കേരളത്തിൽ എത്തിക്കുന്നത്. അതിന് അധിക ചെലവ് വരും. ഏകദേശം 1.7 കോടിയോളമാണ് നഷ്ടം ഉണ്ടാകുന്നത്. എങ്കിലും ലാഭത്തിൽ കുറവു വരുന്നതല്ലാതെ ഇപ്പോൾ പ്രതിസന്ധിയിലാകുന്ന സാഹചര്യമില്ലെന്നും കേരളത്തിൽ മിൽമയുടെ വില കൂട്ടുന്നത് ആലോചനയിലില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. കർണാടക പാൽ വില കൂട്ടുന്നത് മിൽമ ഗുണകരമായ രീതിയിൽ എടുത്ത് കേരളത്തിൽ മിൽമ പാലിൻ്റെയും ഉത്പന്നങ്ങളുടെയും ഉത്പാദനവും വില്പനയും വർധിപ്പിച്ച് ലാഭം കൂട്ടുകയെന്നതാണ് ഇപ്പോഴത്തെ ചർച്ചയെന്നും ചെയർമാൻ വ്യക്തമാക്കി. നിലവിൽ മലയാളികൾ ആശങ്കപ്പെടേണ്ടതില്ല.

സാമ്പത്തിക ഞെരുക്കത്തിലും നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും, കേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് എത്തുന്നതു തെളിയിക്കുന്നതാണ് നടപ്പുസാമ്പത്തിക വർഷത്തെ കണക്കുകളെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ട്രഷറി കണക്കുകൾ വിശദീകരിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ട്രഷറിയിലെ കണക്കുകൾ പ്രകാരം മാർച്ച് 29 ന് സംസ്ഥാന പദ്ധതി ചെലവിലെ നേട്ടം 85.66 ശതമാനമായി. അതായത്, 18,705.68 കോടി രൂപ. തദ്ദേശ സ്ഥാപന ഇനത്തിലെ പദ്ധതി ചെലവ് 9333.03 കോടി രൂപയായി വർധിച്ചു. അതായത്, 110 ശതമാനം കടന്നു.
വർഷാവസാന കണക്കുകൾ സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.
പ്രധാന ചെലവഴിക്കൽ ( ബ്രായ്ക്കറ്റിൽ ബജറ്റിനേക്കാൾ അധികം അനുവദിച്ച തുക)
* ക്ഷേമ പെൻഷൻ- 13,082 കോടി രൂപ ( 2053 കോടി )
* കാസ്പിന് 979 കോടി (300 കോടി )
* അവശ്യമരുന്നുകൾ വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന് 607 കോടി (251 കോടി )
* റേഷൻ സബ്സിഡി- 1012 കോടി രൂപ (74 കോടി )
* കെഎസ്ആർടിസി- 1612 കോടി (676 കോടി)
* ജലജീവൻ മിഷൻ- 952 കോടി ( 401 കോടി )
* ലൈഫ് മിഷൻ- 749 കോടി.
* പിഎംഎവൈ അർബൻ പദ്ധതി: 61 കോടിയും നൽകി
* സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- 759 കോടി നൽകി
* നെല്ലുസംഭരണം- 558 കോടി.
* വിപണി ഇടപെടൽ-489 കോടി നൽകി (284 കോടി )
* പട്ടികവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സ്കോളർഷിപ്പ്- 1429 കോടി.
* ആശ വർക്കേഴ്സിന് സംസ്ഥാന സഹായം- 211 കോടി നൽകി (23 കോടി )
* ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം- 240 കോടി
* എൻഎച്ച്എമ്മിനു സംസ്ഥാന വിഹിതം- 425 കോടി
* അയ്യൻകാളി തൊഴിലുറപ്പിൽ വേതനം- 160 കോടി
* സ്കൂൾ പാചകത്തൊഴിലാളി വേതനം- 379 കോടി നൽകി
* സ്കൂൾ യൂണിഫോം പദ്ധതി- 144 കോടി നൽകി
* കെഎസ്ഇബി- 495 കോടി
* കൊച്ചി മെട്രോ- 439 കോടി
ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ അജ്ഞാത കോളുകളുടെ ശല്യം ഇനി ഒഴുവാക്കാൻ സാധിക്കും. ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവ എച്ച്പി, ഡെൽ, എറിക്സൺ, നോക്കിയ തുടങ്ങിയ ആഗോള കമ്പനികളുമായി സഹകരിച്ച് കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) നടപ്പാക്കാൻ ഒരുങ്ങുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഈ ടെലികോം കമ്പനികൾ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) നടപ്പിലാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത സർക്കിളുകളിൽ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) ആകും ആദ്യം ലഭ്യമാകുക. സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുമ്പോൾ ഘട്ടം ഘട്ടമായി സേവനം മറ്റു സർക്കിളുകളിലും അവതരിപ്പിക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2024 ഫെബ്രുവരിയില്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും CNAP നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുകയും ടെലകോം ഓപ്പറേറ്റര്‍മാരെ ഈ സേവനം നടപ്പാക്കാൻ നിര്ബന്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അജ്ഞാതരായവരും സ്പാം കോളര്മാരുടെയും ഇടയില്‍നിന്നുള്ള ഉപഭോക്തൃ ശല്യം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2025 ജനുവരിയില്‍ ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് ടെലികോം ഓപ്പറേറ്റര്‍മാരോട് മൊബൈല്‍ ഫോണുകളില്‍ ഈ സേവനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്‍കമിംഗ് കോളുകള്‍ക്ക് പേര് പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുക എന്നതാണ് പദ്ധതി.
മൊബൈല്‍ ഫോണില്‍ സിഎന്‍എപി നടപ്പിലാക്കുമ്പോള്‍, ടെലികോം കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാകും. തുടക്കത്തില്‍ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ മാത്രമേ സ്ക്രീനില്‍ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവില്‍ നിന്ന് കോള്‍ ലഭിക്കുകയാണെങ്കില്‍, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയര്‍ടെല്‍ ഉപയോക്താവ് ഇയാളെ വിളിച്ചാല്‍, അയാളുടെ പേര് സ്ക്രീനില്‍ ദൃശ്യമാകില്ല. ടെലികോം കമ്പനികള്‍ക്കിടയില്‍ ഉപഭോക്തൃ ഡാറ്റ പങ്കിടാന്‍ സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം. പക്ഷേ സാങ്കേതിക പരിമിതികള്‍ മൂലം ഫീച്ചര്‍ ഫോണ്‍, 2G ഉപയോക്താക്കള്‍ക്ക് ഈ സേവനം സാധ്യമാകില്ല.

2025-26 സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ്. ഒപ്പം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി നിയമ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റം, UPI നിയമ മാറ്റം, മറ്റ് നിരവധി വ്യക്തിഗത ധനകാര്യ നിയമ മാറ്റങ്ങൾ എന്നിവ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
1. ആദായ നികുതിയിലെ മാറ്റങ്ങൾ
12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആശ്വസിക്കാം …
നിങ്ങൾക്ക് ഇനി മുതൽ നികുതി നൽകേണ്ടിവരില്ല
പുതിയ നികുതി സ്ലാബുകൾ
0-4 ലക്ഷം – ബാധകമല്ല
4-8 ലക്ഷം – 5%
8,00,001- 12,00,000 രൂപ – 10%
12,00,001- 16,00,000 രൂപ – 15%
16,00,001- 20,00,000 രൂപ – 20%
20,00,001- 24,00,000 രൂപ – 25%
24,00,000 രൂപയ്ക്ക് മുകളിൽ – 30%
2. ATM നിരക്ക് വർധന
മേയ് 1 മുതൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ചെലവേറും. എടിഎം വഴി പ്രതിമാസം സൗജന്യ പണമിടപാടിന് ശേഷമുള്ള ഇടപാടുകൾക്ക് നിലവിൽ 21 രൂപയാണ് നൽകുന്നത്. എന്നാൽ ഇനി 23 രൂപയും ജി എസ് ടിയും നൽകണം. 2 രൂപയാണ് വർധന. പണം പിൻവലിക്കൽ ഫീസ് 19 രൂപയായും ബാലൻസ് ചെക്ക് ഫീസ് 7 രൂപയായും ഉയരും.
3. UPI
പ്രവർത്തന രഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യു പി ഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കും. കൂടാതെ, ഇത്തരം നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ പേ, ഫോൺ പേ, പേടിഎം മറ്റ് യുപിഐ ആപ്പുകൾ തുടങ്ങിയവ തടസ്സപ്പെടാതിരിക്കാൻ ഉപയോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ സജീവമാക്കി വെയ്ക്കണം.
4. കാറുകളുടെ വില വർധന
ഏപ്രിൽ മുതൽ മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ, ബി എം ഡബ്ല്യൂ എന്നീ വാഹന കമ്പനികൾ കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. മാരുതി 4 ശതമാനം വരെയും മറ്റ് മൂന്ന് കമ്പനികൾ 3 ശതമാനം വരെയുമാണ് വില വർധിപ്പിക്കുന്നത്.
5. മോട്ടോർ വാഹന നികുതി വർധന
മോട്ടോർ വാഹന നികുതിൽ ഇലക്ട്രിക് വാഹനങ്ങൾ, 15 വർഷം രജിസ്റ്റർ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് വർധനയുള്ളത്. 15 വർഷം രജിസ്റ്റർ കാലവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് 5 വർഷത്തേക്ക് നികുതി 400 രൂപ വർധിച്ചു.
* കാറുകളിൽ
750 കി.ഗ്രാം വരെ – 3200 രൂപ
750 – 1500 കി.ഗ്രാം വരെ – 4300 രൂപ
1500 ന് മുകളിൽ – 5300 രൂപ
* ഇലക്ട്രിക് വാഹനങ്ങളിൽ
15 ലക്ഷം വിലവരെ – 5 %
15 – 20 ലക്ഷം വരെ – 8%
20 ന് മുകളിൽ – 10 %
ഇവയാണ് വർധിപ്പിച്ച മോട്ടോർ വാഹന നികുതി നിരക്ക്