
ലിഥിയം ബാറ്ററികളുടെ വില കുറയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ ഇടയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലിഥിയം-അയണ്‍ ബാറ്ററി വിലയിലെ ഇടിവ് ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലേക്കും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വിലയിലേക്ക് ഇവയെ എത്തിക്കുന്നതിനും കാരണമാകും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കിലോവാട്ടിന് ലിഥിയത്തിന്റെ വില 150 യുഎസ് ഡോളറായിരുന്നു. ഇപ്പോള്‍ ഏകദേശം 100 യുഎസ് ഡോളറായി കുറഞ്ഞു. ഇത് വീണ്ടും കുറഞ്ഞു കഴിഞ്ഞാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കുറയും, ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാകുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിവര്‍ഷം ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നത് 22 ലക്ഷം കോടി രൂപയാണ്. അതിനാല്‍ ഇന്ത്യ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒരു സാമ്പത്തിക ബാധ്യതയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ക്ലീന്‍ എനര്‍ജി സ്വീകരിക്കുന്നത് നിര്‍ണായകമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വായു മലിനീകരണം. അതിനാൽ ഗതാഗത മേഖലയിൽ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറേണ്ടതിന്റെ അടിയന്തര ആവശ്യകത ഇന്ന് ഇന്ത്യയിലുണ്ട്. ഇന്ത്യ ഓട്ടോമൊബൈല്‍ മേഖലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറിയിരിക്കുന്നു. 2030 ഓടെ ഇലക്ട്രിക് വാഹന ഉല്‍പ്പാദനത്തില്‍ ഇന്ത്യ മുന്നിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു. രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും, സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നുമുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിനു പിന്നാലെയാണ് സ്വർണ വിലയിലും വർധനവ് ഉണ്ടായത്.
കഴിഞ്ഞവാരം ഔൺസിന് 3,086 ഡോളർ എന്ന റെക്കോർഡ് കുറിച്ച രാജ്യാന്തരവില, ഇന്നത് 3,100 ഡോളർ എന്ന നാഴികക്കല്ലിന് മുകളിലെത്തിച്ചു. ഒറ്റയടിക്ക് 25 ഡോളറിലധികം കുതിച്ച് 3,109.62 ഡോളർ വരെയാണ് എത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കൂടിയത് 240 ഡോളറിലധികം. ഔൺസിന് 2,870 ഡോളറിനും താഴെയായിരുന്നു ഒരുമാസം മുമ്പ് വില.
67,400 രൂപയാണ് ഇന്നൊരു പവനു വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ആഭരണമായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധകമാണ്. അതായത്, മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 72,950 രൂപ നൽകണം.

തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് മ്യാൻമാറിന് ഉള്ളത്. മ്യാൻമാറിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും ജിഡിപിക്കും വലിയ ആഘാതമാണ് ഭൂകമ്പം സൃഷ്ടിച്ചിരിക്കുന്നത്. ഭൂകമ്പം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ, വ്യവസായ മേഖലയിലെ തടസ്സങ്ങൾ, മനുഷ്യശേഷി നഷ്ടം എന്നിവ ജിഡിപി വളർച്ച നിരക്ക് കുറയുന്നതിന് കാരണമാകും. ദുരന്ത പുനരുദ്ധാരണത്തിനായി സർക്കാർ 500 കോടി ഡോളർ വരെ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്. സമൂഹിക-ആരോഗ്യ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം തൊഴിൽ ശേഷിയും ഉൽപ്പാദന ശേഷിയും കുറയും. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കും.
മ്യാൻമാറിൻ്റെ വ്യവസായങ്ങൾ, കൃഷി, നിർമ്മാണം, സർവീസ് മേഖലകൾ എന്നിവയെ എല്ലാം ഭൂകമ്പം വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അതിനാൽ അവിടെ നിന്നുള്ള ഉൽപാദനം കുറയുന്നു. ഇതിന്റെ ഫലമായി, ജിഡിപിയിൽ വലിയ തകർച്ച ഉണ്ടാകും. മ്യാൻമാറിൻ്റെ ജിഡിപി വളർച്ച നിരക്ക് 2024-ൽ ഏകദേശം 3.2% ആയിരുന്നു. ഭൂകമ്പം മൂലം ഈ നിരക്ക് 1% – 1.5% വരെ കുറയാൻ സാധ്യതയുണ്ട്.

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് ഇനി ചെലവു കൂടും. പാർക്കിങ്ങ് നിരക്കുകൾ 20 മുതൽ 30 ശതമാനം വരെയാണ് റെയിൽവേ വർധിപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കി കഴിഞ്ഞു.
പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക് ഇരുചക്രവാഹനങ്ങൾക്ക് 2 മണിക്കൂർ വരെ 10 രൂപയും 2 മുതൽ 8 മണിക്കൂർ വരെ 20 രൂപയും 8 മുതൽ 24 മണിക്കൂർ വരെ 30 രൂപയുമാണ്. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാകും. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ ഈടാക്കാനും തീരുമാനമുണ്ട്. ഉടൻതന്നെ മറ്റ് സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്നിങ്ങനെ തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. കൂടുതൽ ട്രെയിനുകൾ നിർത്തുകയും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളെയാണ് കാറ്റഗറി ഒന്നിൽപ്പെടുത്തിയത്. രണ്ടുവർഷംമുമ്പ് നടത്തിയ സർവേ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിയത്. രണ്ടു കാറ്റഗറിയിലും കാറുകൾക്ക് ഒരുമാസം പാർക്കിങ് അനുവദിക്കില്ല. കാറ്റഗറി ഒന്നിൽ ഇരുചക്രവാഹനങ്ങൾക്ക് 360 രൂപയിൽനിന്ന് 600 രൂപയാക്കി. വലിയ സ്റ്റേഷനുകളിലാണ് പ്രീമിയം പാർക്കിങ്ങുള്ളത്. തിരുവനന്തപുരം ഡിവിഷനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജങ്ഷൻ, തൃശൂർ, ആലപ്പുഴ, ആലുവ, ചെങ്ങന്നൂർ, എറണാകുളം നോർത്ത്, കൊച്ചുവേളി, കോട്ടയം, കായംകുളം, നാഗർകോവിൽ ജങ്ഷൻ, കൊല്ലം, തിരുവല്ല, ചങ്ങനാശേരി, വർക്കല, അങ്കമാലി, നാഗർകോവിൽ, ചേർത്തല, കഴക്കൂട്ടം, ഗുരുവായൂർ, കന്യാകുമാരി സ്റ്റേഷനുകളാണ് കാറ്റഗറി ഒന്നിൽ വരുന്നത്.
2017-ലാണ് അവസാനമായി റെയിൽവേ പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചത്. നിലവിൽ അമൃത് ഭാരത് പദ്ധതിക്കു കീഴിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകൾ 300 കോടിയിലേറെ രൂപ ചെലവിട്ട് നവീകരിക്കുന്നുണ്ട്. ഇവയിൽ പലതും എൻഎസ്ജി ഗ്രേഡ്(നോൺ സബർബൻ ഗ്രേഡ്) നാല്, അഞ്ച് എന്നിവയിൽപ്പെടുന്നതാണ്. ഈ സ്റ്റേഷനുകളിലും നിരക്കുവർധനയുണ്ടാകും. അമൃത് ഭാരതിൽപ്പെടാത്ത, വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളിൽ പാർക്കിങ്ങിനായും മറ്റും കൂടുതൽ സംവിധാനങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലും ഫീസ് കൂടും.