
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു “വിൻ വിൻ” ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.
വീഡിയോ കോൺഫറൻസിംഗ് ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെയും അമേരിക്കൻ പങ്കാളികളുമായി ഞങ്ങൾ തുടർച്ചയായ ബന്ധപ്പെടുകയാണ്. ഞങ്ങൾ മറ്റുള്ള രാജ്യങ്ങളെക്കാൾ മുന്നിലാണ്. 90 ദിവസത്തിനുള്ളിൽ ഇരുപക്ഷത്തിനും താരിഫ് സംബന്ധിച്ച് ഒരു കരാറിലെത്താൻ കഴിയും,” ഒരു ഔദ്യോഗിക സ്രോതസ്സ് ബിസിനസ്ലൈനിനോട് പറഞ്ഞു.
ബുധനാഴ്ച, ട്രംപ് വ്യാപാര പങ്കാളികൾക്ക് പ്രഖ്യാപിച്ച പരസ്പര താരിഫുകൾ 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു, അതിൽ ഇന്ത്യയിൽ 26 ശതമാനം ലെവിയും ഉൾപ്പെടുന്നു. എന്നാൽ 10 ശതമാനം അടിസ്ഥാന താരിഫ് എല്ലാവർക്കും ബാധകമായി തുടരും.
ഏതൊരു ചർച്ചയിലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും പറഞ്ഞു. ഇന്ത്യ ഇതിനകം തന്നെ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണെന്നും 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യം വാഗ്ദാനം ചെയ്യുന്ന വലിയ അവസരങ്ങൾ കണക്കിലെടുക്കുമ്പോൾ, അമേരിക്കയുമായി നല്ലൊരു കരാറിൽ ഏർപ്പെടാൻ സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുപിഐ സെർവർ വീണ്ടും പണിമുടക്കി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സെർവറുകൾ പ്രവർത്തനരഹിതമാകുന്നത്. യുപിഐ സെർവറുകൾ പ്രവർത്തനരഹിതമായതോടെ പല ബാങ്കുകളുടെയും പ്രവർത്തനം തകരാറിലായി. മാർച്ച് 26 നും ഏപ്രിൽ 2 നും യുപിഐ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നു.
എൻപിസിഐ നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നു, ഇത് ഭാഗികമായി യുപിഐ ഇടപാടുകളെ ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു,” നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ട്വീറ്റിലൂടെ അറിയിച്ചു.
ഉപയോക്തൃ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സേവന തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഒരു പ്ലാറ്റ്ഫോമായ ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഡൗൺഡിറ്റക്ടർ പ്രകാരം, യുപിഐ പ്രവർത്തനരഹിതമായതിനെ കുറിച്ചുള്ള പരാതികൾ രാവിലെ 11:30 ന് ശേഷമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്തത്. 2,000-ത്തിലധികം ആളുകൾ തങ്ങളുടെ യുപിഐ ഇടപാടുകൾ തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

അടുത്ത 4-5 വർഷത്തിനുള്ളിൽ തങ്ങളുടെ ഇലക്ട്രിക് വാഹന ചാർജർ ബിസിനസ്സ് ₹500 കോടി വരുമാനത്തിലേക്ക് ഉയർത്തുമെന്ന് ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ്. രണ്ട് വർഷം മുമ്പ് ഇവി ചാർജർ ബിസിനസിലേക്ക് പ്രവേശിച്ച കമ്പനി 8-10 ശതമാനം വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്.
അടുത്ത 4-5 വർഷത്തിനുള്ളിൽ 8-10 ശതമാനം വിപണി വിഹിതവും ശക്തമായ കയറ്റുമതി സാധ്യതയുമുള്ള 500 കോടി രൂപയുടെ വിപണി മൂല്യമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിലെ എംഡിയും സിഇഒയുമായ രവി ചൗള പറഞ്ഞു.
ഇതിനായി യുകെ ആസ്ഥാനമായുള്ള ഇന്ദ്ര റിന്യൂവബിൾ ടെക്നോളജീസ് (സ്ലോ ഹോം എസി ചാർജേഴ്സ്), ടൈറക്സ് ട്രാൻസ്മിഷനിൽ ടെക്പെർസ്പെക്റ്റ് സോഫ്റ്റ്വെയറിൽ എന്നീ കമ്പനികളിൽ നിക്ഷേപം വർധിപ്പിച്ചിരുന്നു. ഇതിനായി കമ്പനി 148 കോടി രൂപ നിക്ഷേപിച്ചു. ഏറ്റെടുക്കൽ സമയത്ത് ടൈറക്സിൻ്റെ വരുമാനം 12 കോടിയായിരുന്നു. അത് 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 75 കോടിയായി ഉയർന്ന് പ്രധാന വളർച്ചാ എഞ്ചിനായി ഉയർന്നു.

പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ അഭിമാന നേട്ടത്തിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിറ്റുവരവായ 1,036 കോടി രൂപ നേടിയതായി മന്ത്രി പി രാജീവ് അറിയിച്ചു.
മാത്രമല്ല, ടിക്കിള്‍ വിപണനത്തിലും സര്‍വ്വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് കെ എം എം എല്‍. 8,815 ടണ്‍ ടിക്കിള്‍ വിപണനം നടത്താൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടയിൽ ടൈറ്റാനിയം ഡയോക്സൈഡ് വിപണനത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കെ എം എം എൽ കൈവരിച്ചത്.
2021-22 വർഷമാണ് ഏറ്റവും ഉയർന്ന വിറ്റുവരവ് രേഖപ്പെടുത്തിയത്. 1,058 കോടി രൂപയായിരുന്നു വിറ്റുവരവ്.
കഴിഞ്ഞ വർഷം അത് 956.24 കോടി രൂപയായിരുന്നു. ഇത്തവണ മാത്രം നൂറിലധികം കോടി രൂപയുടെ പ്രവർത്തനലാഭമാണ് കമ്പനി നേടിയത്.
എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 6.18 കോടി രൂപ സംസ്ഥാനത്തിന് ലാഭവിഹിതമായി കൈമാറിയിരുന്നതായി മന്ത്രി പറഞ്ഞു.