
ഏപ്രിൽ മുതൽ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, പുതുക്കിയ എഫ്ഡി നിരക്കുകൾ, എടിഎം പിൻവലിക്കൽ നയങ്ങൾ, സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ, മിനിമം ബാലൻസ് എന്നിവയെല്ലാം മാറും.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നു. ഉയർന്ന റിട്ടേണുകളുള്ള പ്രത്യേക എഫ്ഡി കാലാവധികൾ അവതരിപ്പിച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കുകൾ പരിഷ്കരിക്കുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകളുടെ പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും. ഉയർന്ന ബാലൻസുകൾക്ക് മികച്ച പലിശ നിരക്കുകൾ ലഭിക്കാം.
മിനിമം ബാലൻസ് നിയമങ്ങൾ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അക്കൗണ്ടിന് അനുസരിച്ച് ആവശ്യമായ മിനിമം ബാലൻസ് വ്യത്യാസപ്പെടും.
നിരവധി ബാങ്കുകൾ എടിഎം പിൻവലിക്കൽ നയങ്ങളൂം പരിഷ്കരിച്ചിട്ടുണ്ട്. പ്രതിമാസം സൗജന്യ എടിഎം പിൻവലിക്കലുകൾ കുറയ്ക്കും. ഓരോ മാസവും മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ പിൻവലിക്കലുകൾ മാത്രമേ നടത്താനാകൂ. ഈ പരിധി കവിഞ്ഞാൽ ഓരോ ഇടപാടിനും 20 രൂപ മുതൽ 25 രൂപ വരെ അധിക ചാർജുകൾ ഈടാക്കും.
5,000 രൂപക്ക് മുകളിലുള്ള ചെക്ക് പേയ്മെൻ്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം ബാധകമാണ്. ഈ സംവിധാനം
ഇടപാടുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനാണ്. ചെക്ക് പേയ്മെൻ്റുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ ചെക്ക് നമ്പർ, തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, തുക എന്നിവ കൃത്യമായി പരിശോധിക്കണം. ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകളും പിശകുകളും കുറയ്ക്കാൻ സഹായിക്കും.
ഏപ്രിൽ 1 മുതൽ, മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ല നഷ്ടപ്പെട്ടേക്കാം. മൊബൈൽ നമ്പർ മാറ്റിയിട്ട് ബാങ്കിൽ അപ്ഡേറ്റ് ചെയ്യാത്തവർ, ബാങ്കിനെ അറിയിക്കാതെ നമ്പർ നിർജീവമാക്കിയ ഇടപാടുകാർ, പഴയ നമ്പറുകൾ മറ്റൊരാൾക്ക് നൽകിയ UPI ഉപയോക്താക്കൾ, കോളുകൾ, സന്ദേശങ്ങൾ അല്ലെങ്കിൽ മറ്റ് സേവനങ്ങൾക്ക് ഉപയോഗിക്കാത്ത നമ്പറുകള് ഇതെല്ലാം നീക്കംചെയ്യും.
മെച്ചപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾ, ഡിജിറ്റൽ ഉപദേശ സേവനങ്ങൾ, പുതുക്കിയ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ AI ഉപയോഗിച്ച് ബാങ്കുകൾ അവരുടെ ഡിജിറ്റൽ ബാങ്കിങ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിക്കും.

ഇന്ത്യ റേറ്റിംഗ് ചീഫ് ഇക്കണോമിസ്റ്റും പബ്ലിക് ഫിനാൻസ് മേധാവിയുമായ ദേവേന്ദ്ര കുമാർ പന്തിൻ്റെ അഭിപ്രായത്തിൽ, 2025 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 4.7% ആയി കുറയുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ അത് 75 അടിസ്ഥാന പോയിൻ്റായി പരിമിതപ്പെടുമെന്നും പറയുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അടുത്ത മാസം നടത്തുന്ന നയ അവലോകന യോഗത്തിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 അടിസ്ഥാന പോയിൻ്റുകൾ കുറയാൻ സാധ്യത ഉള്ളതായി ഇന്ത്യ റേറ്റിംഗ് പ്രതീക്ഷിക്കുന്നു.
2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ ആർബിഐ പോളിസി നിരക്ക് 250 അടിസ്ഥാന പോയിൻ്റുകൾ വർധിപ്പിച്ചിരുന്നു, ഇത് നിരന്തരമായ പണപ്പെരുപ്പത്തെ നേരിടാൻ 6.5% ആയി ഉയർത്തി. 2025 ഫെബ്രുവരിയിൽ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു 6.25% ആയി. 2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ പണപ്പെരുപ്പം 4% ൽ താഴെയാകുമെന്ന് ഇന്ത്യ റേറ്റിംഗ് പ്രവചിക്കുന്നു.
2025 ഫെബ്രുവരിയിലെ എംപിസി മിനിറ്റ്സ് സൂചിപ്പിക്കുന്നത് വളർച്ചാ വേഗത മന്ദഗതിയിലാകുന്നത് ആർബിഐക്ക് ബോധ്യമുണ്ട്. കുറഞ്ഞതും സ്ഥിരതയുള്ളതുമായ പണപ്പെരുപ്പമാണ് ആർബിഐയുടെ പ്രധാന ലക്ഷ്യമെങ്കിലും, പണനയത്തിലൂടെയുള്ള വളർച്ചാ പിന്തുണ കൂടുതൽ ധനനയത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകുമെന്ന് ദേവേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തെ ഹൈവേകളിൽ 4 മുതൽ 5 ശതമാനം വരെ ടോൾ നിരക്ക് വർധിപ്പിച്ചു. പുതുക്കിയ ടോൾ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ഹൈവേ മന്ത്രാലയം അറിയിച്ചു.
മൊത്തവില സൂചിക അടിസ്ഥാനമാക്കി പണപ്പെരുപ്പത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട വാർഷിക അവലോകന പ്രക്രിയയുടെ ഭാഗമായാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ 1 മുതൽ എല്ലാ വർഷവും ഈ പരിഷ്കരണം ഉണ്ടാകും. ഓരോ ദേശീയ പാതയ്ക്കും എക്സ്പ്രസ് വേയ്ക്കും ടോൾ നിരക്കുകൾ ഒരുപോലെയല്ല പരിഷ്കരിക്കുന്നത്.
2008 ലെ നാഷണൽ ഹൈവേ ഉപയോക്ത്യ ഫീസ് ചട്ടം അനുസരിച്ചാണ് ടോൾ പിരിക്കുന്നത്.
നിലവിൽ, ദേശീയപാത ശൃംഖലയിലുടനീളം ഏകദേശം 855 ഉപയോക്തൃ ഫീസ് പ്ലാസകളുണ്ട്.. ഇതിൽ 675 എണ്ണം പൊതു ഫണ്ടിൽ നിന്നുള്ളവയാണ്, 180 എണ്ണം കൺസഷനേയർ നടത്തുന്ന ടോൾ പ്ലാസകളാണ്.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള അഭ്യേദമായ ബന്ധത്തെപ്പറ്റി നമുക്ക് അറിയാം. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് ജോലികൾക്കും സ്ഥലങ്ങൾ കാണുന്നതിനും ഗൾഫ് നാടുകളിലേക്ക് പോകുന്നത്. നിലവിൽ ഇന്ത്യ-ദുബായ് യാത്രയ്ക്ക് വിമാനങ്ങളെയാണ് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. എന്നാൽ ഇനി ട്രയിനിൽ പോകുന്നതിനെപ്പറ്റി ആലോചിച്ചാലോ..
യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് ഈ പ്രൊജക്ട് നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
മുംബൈയിൽ നിന്നും യു.എ.ഇ വരെ കണക്ട് ചെയ്യുന്ന ഒരു റെയിൽവെ പ്രൊജക്ടിനെക്കുറിച്ച് വിവിധ റിപ്പോർട്ടുകളാണ് വരുന്നത്. ജലത്തിനടിയിലൂടെ 2,000 കിലോമീറ്റർ ഇന്ത്യ-യു.എ.ഇ റെയിൽ ലിങ്കാണ് ഈ പ്രോജക്ട്. ഈ റെയിൽവേ ശൃംഖലയിലൂടെ മണിക്കൂറിൽ 600 മുതൽ 1,000 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ട്രെയിനുകൾക്ക് സാധിക്കും.അതിനാൽ, മുംബൈ-ദുബായ് യാത്രാ സമയം കേവലം 2 മണിക്കൂറുകളായി കുറയും ഒപ്പം യാത്രാ ചെലവും കുറവായിരിക്കുമെന്നും ട്രാവൽ & ടൂർ വേൾഡ് റിപ്പോർട്ട് പറയുന്നത്.
മാത്രമല്ല, വാണിജ്യപരമായ നേട്ടങ്ങൾ ഏറെയാണ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ അടക്കമുള്ള ചരക്ക് നീക്കത്തിനും അണ്ടർ വാട്ടർ ട്രെയിൻ സഹായകമാകും. ക്രൂഡ് ഓയിൽ പോലെ ഹെവി ആയ ചരക്കുകളുടെ നീക്കം ഫ്ലൈറ്റുകളിൽ നടത്തുക പ്രായോഗികമല്ല. നിലവിൽ ഇത് കപ്പലുകളിലൂടെയാണ് നടക്കുന്നതെങ്കിലും ചെലവ് വളരെയധികം കൂടുതലാണ്. ഇതിനെല്ലാം ഈ പുതിയ പ്രൊജക്ട് പരിഹാരമാകും. അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ 2030 ഓടെ ഈ റെയിൽ ശൃംഖലയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.