
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധത്തിൽ കത്തിക്കയറി സ്വർണ്ണ വില. സ്വർണ്ണം ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന് വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ വിലയാണിത്. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 68,080 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്.
ഇക്കൊല്ലം മാത്രം സ്വര്‍ണ വിലയില്‍ 500 ഡോളറിന്റെ വര്‍ധനവാണു ഉണ്ടായിരിക്കുന്നത്. ഡോളര്‍ ഇന്‍ഡെക്സും 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ തത്തുല്യ ചുങ്കം കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് മാറുന്നതും വല വർധിപ്പിക്കാൻ ഇടയായി.
സ്വര്‍ണം വാങ്ങാന്‍
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 68,480 രൂപയാണ് വിലയെങ്കിലും മനസിനിണങ്ങിയ ഇഷ്ട മോഡലുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 74,114 രൂപയെങ്കിലും നല്‍കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കഴിഞ്ഞ മാസത്തെ ജിഎസ്ടി കളക്ഷൻ രണ്ടാമത്തെ വലിയ റെക്കോർഡാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 1.78 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി കളക്ഷൻ. അതിൽ നിന്ന് ഈ മാർച്ചിൽ 9.9% വളർച്ചയോടെ 1.96 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2024 ഏപ്രിലിൽ നേടിയ 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും വലിയ റെക്കോർഡ്.
തുടർച്ചയായ 13 മാസവും ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സംയോജിത ജിഎസ്ടി വരുമാനം 5.8 ലക്ഷം കോടി രൂപയാണ്. അതായത്, മുൻവർഷത്തെ സമാനപാദത്തേക്കാൾ 10.4 ശതമാനം അധികം.
കഴിഞ്ഞ മാസത്തെ മൊത്തം ജിഎസ്ടി പിരിവിൽ കേന്ദ്ര ജിഎസ്ടി (CGST) 38,145 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയായി (SGST) 49,891 കോടി രൂപയും സംയോജിത ജിഎസ്ടിയായി (IGST) 95,853 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തിൽ ലഭിച്ചത് 12,253 കോടിയാണ്
കേരളത്തിൽ നിന്ന് ഫെബ്രുവരിയിൽ 8% വളർച്ചയോടെ 2,894 കോടി രൂപ പിരിച്ചു. കഴിഞ്ഞമാസം നേടിയത് 9% വളർച്ചയോടെ 2,829 കോടി രൂപയാണ്. 2024 മാർച്ചിൽ 2,598 കോടി രൂപയായിരുന്നു. കേരളത്തിന് 2024-25 വർഷം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം 32,773 കോടി രൂപയാണ്. മുൻവർഷത്തെ 30,873 കോടി രൂപയേക്കാൾ 6% അധികം. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് ആകെ പിരിച്ചെടുത്ത ജിഎസ്ടി 33,109 കോടി രൂപയാണ്. അതായത്, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7.9% അധികം.

ഇന്ത്യയിലെ ഇലക്ട്രോണിക് സ്പോര്‍ട്സ് ബിസിനസ് വിപുലീകരിക്കുന്നതിന് റിലയന്‍സും ആഗോള ഇ-സ്പോര്‍ട്സ് സംഘടനയായ ബ്ലാസ്റ്റുമായി സഹകരിക്കുന്നു. ഇന്ത്യയിലെ ഇ-സ്പോര്‍ട്സ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ ടൂർണമെൻ്റ് സംഘാടകരാണ് ഡെന്മാർക് ആസ്ഥാനമായ BLAST ApS ൻ്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റ്. റിലയന്‍സും ബ്ലാസ്റ്റും ചേർന്ന് ഗെയിമിംഗ് വിപണിക്ക് അനുയോജ്യമായ പുതിയ ടൂര്‍ണമെൻ്റുകൾ സംഘടിപ്പിക്കുക വഴി കൂടുതല്‍ ഗെയിമര്‍മാരെയും സ്പോണ്സര്മാരെയും നിക്ഷേപകരെയും ഇന്ത്യന്‍ ഇ-സ്പോര്‍ട്സിലേക്ക് ആകര്‍ഷിക്കാൻ സഹായിക്കും. മാത്രമല്ല, ബ്ലാസ്റ്റിൻ്റെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇ-സ്പോർട്സ് പ്രോപ്പർട്ടികളും പ്രൊഡക്ഷൻ ടെക്നിക്കുകളും ഇന്ത്യയിലേക്ക് കൊണ്ടുവരാനും സഹായകരമാകും.
ടെലി കമ്മ്യൂണിക്കേഷന്‍, മീഡിയ, എൻ്റർടെയ്ൻമെൻ്റ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ബിസിനസ് താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഇ സ്പോര്‍ട്സ് വിപണിയിലേക്കുള്ള റിലയന്‍സിൻ്റെ പ്രവേശനം സ്വാഭാവികമാണ്. അതിനാൽ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിയോ ഇതിനകം തന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്ലാസ്റ്റുമായുള്ള പങ്കാളിത്തം, റിലയന്‍സിനെ ആഗോള ഇ-സ്പോര്‍ട്സ് ഓര്‍ഗനൈസേഷന്റെ വൈദഗ്ധ്യവും ശൃംഖലയും ഉപയോഗിച്ച് ഇന്ത്യന്‍ സ്പോര്‍ട്സ് വിപണിയില്‍ ശക്തമായ ചുവടുറപ്പിക്കാന്‍ സഹായിക്കും

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടിയതായി മന്ത്രി വി എന്‍ വാസവന് അറിയിച്ചു. പരമാവധി ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി പദ്ധതിയുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനെ തുടർന്നാണ് കാലാവധി നീട്ടിനല്കാന് തീരുമാനമായത്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിരവധി കുടിശ്ശികകാര്‍ക്ക് ആശ്വാസകരമാണ്. മുന്‍കാലങ്ങളില്‍ ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ചപ്പോള്‍ അതിൻ്റെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത് ഏര്‍പ്പെടുത്തുന്നതെന്നും പരമാവധി ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ പദ്ധതിയിൽ പലിശയ്ക്ക് പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള പ്രത്യേകം വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ എന്നിവ ഒഴികെയുള്ള മറ്റ് കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.