
രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിനു പിന്നാലെ സംസ്ഥാനത്തും സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണം ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,11,900 രൂപ എന്നതാണ് നിരക്ക്.
രാജ്യാന്തര സ്വർണവില കഴിഞ്ഞദിവസം 3,166.99 ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയെങ്കിലും ഇന്നലെ 3,050 ഡോളറിലേക്ക് തകർന്നിരുന്നു. എന്നാൽ ട്രംപ് മുന്നോട്ടുവച്ച താരിഫ് നയം ആഗോള സമ്പദ്വ്യവസ്ഥയെ ഉലച്ചേക്കാമെന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണവില വീണ്ടും കൂടാനിടയുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പാണ് വിലയെ പ്രധാനമായും താഴേക്ക് നയിച്ചത് എന്നും അത് താത്കാലിക മാണ് എന്നുമാണ് വിലയിരുത്തൽ.
പിന്നീട് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഈ ഇപ്പോഴുണ്ടായ വിലയിടിവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്താൽ, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. ഫലത്തിൽ, പിന്നീട് വില കൂടിയാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നൽകുന്നുണ്ട്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തെ തുടർന്നുണ്ടായ ഓഹരി വിപണികൾ ഇടിവ് ഇന്നും തുടരുന്നു. മെറ്റൽ, ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോ ഓഹരികൾ എന്നിവയുടെ വിലയിടിവിനെ തുടർന്ന് വിപണികൾ ഏകദേശം 1% ഇടിഞ്ഞു. വ്യാഴാഴ്ച സൂചികകൾ നഷ്ടത്തിൽ അവസാനിച്ചതിനെത്തുടർന്ന് നിഫ്റ്റി 50 സൂചിക 0.95% വരെ താഴ്ന്ന് 23,029.40 ലും സെൻസെക്സ് 616 പോയിന്റ് കുറഞ്ഞ് 75,678.54 ലും എത്തിയിരുന്നു.
ആഗോള സൂചനകൾ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് വെള്ളിയാഴ്ചയും ആഗോള സാമ്പത്തിക വിപണികളിൽ വിൽപ്പന തുടർന്നു. ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ജാപ്പനീസ് ഓഹരികൾ ഇടിഞ്ഞപ്പോൾ, 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് ഓഹരികൾ നേരിട്ടത്. എസ് & പി 500 വ്യാഴാഴ്ച 4.9% ഉം നാസ്ഡാക്ക് 5.5% ഉം ഇടിഞ്ഞു. ടോക്കിയോയിൽ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ടോപ്പിക്സ് 3.7% വരെ ഇടിഞ്ഞ് 2,473.03 ലെത്തി, നിക്കി 225 2.8% വരെ ഇടിഞ്ഞ് 33,770.29 ലെത്തി. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഇക്വിറ്റി-ഇൻഡെക്സ് ഫ്യൂച്ചറുകളും വെള്ളിയാഴ്ച ഇടിഞ്ഞു.
ഓസ്ട്രേലിയയിൽ, എസ് & പി/എഎസ്എക്സ് 200 1.8% ഇടിഞ്ഞു, അതേസമയം ഹാംഗ് സെങ് താരതമ്യേന ഭേദപ്പെട്ട രീതിയിൽ പിടിച്ചു നിന്നു.
ഡോളർ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം മൂലമുണ്ടായ ആശങ്കകൾ യുഎസ് കറൻസിയെ ബാധിച്ചതോടെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കറൻസികൾ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ആഗോളതലത്തിൽ ഉണ്ടായ വിൽപ്പനയുടെ പശ്ചാത്തലത്തിൽ ഡോളറിന്റെ ഇടിവ് തുടരുകയാണ്. ബ്ലൂംബെർഗ് ഡോളർ സ്പോട്ട് സൂചിക വ്യാഴാഴ്ച 2.1% വരെ ഇടിഞ്ഞു, 2005 നുശേഷം രേഖപ്പെടുത്തുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.

എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കവുമായി കൊച്ചി തുറമുഖം. 2024-25 സാമ്പത്തിക വർഷത്തിൽ 3.94 ശതമാനം വർധനയാണ് ചരക്ക് നീക്കത്തിൽ ഉണ്ടായത്. അതായത്, 37.75 കോടി ടൺ ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി തുറമുഖത്ത് എത്തിയത് 1265 വാണിജ്യ കപ്പലുകളാണ്. തുടർച്ചയായ 5 വർഷങ്ങളിലും സ്ഥിരമായ വളർച്ചയാണ് തുറമുഖത്ത് ഉണ്ടായിരിക്കുന്നത്. കൂടാതെ, 5.04 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (സിഎജിആര്‍) കൈവരിക്കുകയും ചെയ്തു.
ക്രൂഡ്, പെട്രോളിയം, എൽഎൻജി, രാസവസ്തുക്കൾ എന്നിവയാണ് ആകെയുള്ള ചരക്കിന്റെ 66 ശതമാനവും.
എൽപിജി ടെർമിനൽ വഴി ഗണ്യമായ തോതിൽ പാചക വാതകവും തുറമുഖത്തെത്തി. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന ബങ്കറിങ് ബിസിനസിലും തുറമുഖം നേട്ടമുണ്ടാക്കി. മാത്രമല്ല, സിമന്റ്, റോക്ക് ഫോസ്ഫേറ്റ്, ഉപ്പ്, സൾഫർ, അലുമിന, സ്റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡ്രൈ ആൻഡ് ബ്രേക്ക് ബൾക്ക് ചരക്കു വിഭാഗത്തിലും വർധനയുണ്ടായി.
കൊച്ചി തുറമുഖം കണ്ടെയ്നര്‍ നീക്കത്തിലും റെക്കോഡ് നേട്ടം വരിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയോടെ 8,34,665 ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്തു.
തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ ഈ വർഷം പ്രതിമാസം കൈകാര്യം ചെയ്തത് ശരാശരി 69,555 ടിയുഇ കണ്ടെയ്നറുകളാണ്. മുൻ വർഷത്തിൽ 62,853 കണ്ടെയ്നറുകളായിരുന്നു കൈകാര്യം ചെയ്തത്. വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് തുറമുഖം നേട്ടം കൈവരിച്ചതെന്ന് കൊച്ചിൻ പോർട് അതോറിറ്റി അധികൃതർ വിശദീകരിച്ചു.

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്, കൊറിയർ എക്സ്പ്രസ്സ് സേവനത്തിന് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ ഏഴ് രാജ്യങ്ങളിലാണ് എൻഡ്-ടു-എൻഡ് ഡെലിവറി സേവനം ഉണ്ടാകുക. അതിനായി ലോകത്തിൻ്റെ വിവിധ നഗരങ്ങളിലേക്ക് ഡെലിവറി നടത്താൻ എയർലൈൻ ശൃംഖലയിലെ 250-ലേറെ വിമാനങ്ങൾ ഉപയോഗിക്കും. വിശ്വസനീയമായ സേവനങ്ങൾ വേഗത്തിൽ നൽകുകയാണ് ലക്ഷ്യം. പാഴ്സലുകൾ ട്രാക്ക് ചെയ്യാൻ https://www.emiratescx.com എന്ന വെബ്സൈറ്റ് ഉൾപ്പെടെയുളള സംവിധാനങ്ങൾ ലഭ്യമാണ്.
പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുവർഷമായി യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി, സൗത്ത് ആഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊറിയർ സേവനം നടത്തിരുന്നു. അതിൽ 48 മണിക്കൂറിനകം ആയിരക്കണക്കിന് പാക്കേജുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതായി എമിറേറ്റ്സ് പറയുന്നു.