
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉടനെത്തും. എം.എസ്.എസി തുര്‍ക്കിയാണ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് എത്തുക. 399.9 മീറ്റര്‍ നീളമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയും ഉയർന്ന ഇന്ധനക്ഷമതയും ഉണ്ട്. ഇത്രയും വലിയൊരു കപ്പൽ സൗത്ത് ഏഷ്യയിലെ ഒരു തുറമുഖത്ത് എത്തുന്നത് ഇതാദ്യമെന്നാണ് അധികൃതര്‍ പറയുന്നത്.
വിഴിഞ്ഞത്ത് എം.എസ്.എസി തുര്‍ക്കി എത്തുന്നതോടെ എം.എസ്.സി ക്ലോഡ് ജിറാഡെറ്റിന്റെ റെക്കോർഡാണ് നേടിയെടുക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തിലെത്തി തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടം കഴിഞ്ഞ ദിവസം തുറമുഖം കരസ്ഥമാക്കിയിരിന്നു. തുടർച്ചയായി ഒട്ടേറെ നേട്ടങ്ങളാണ് വിഴിഞ്ഞം തുറമുഖത്തെ തേടിയെത്തുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. 2023–24 സാമ്പത്തിക വർഷത്തിൽ 16.8 ലക്ഷമായിരുന്ന ഇലക്ട്രിക് വാഹന വിൽപന കഴിഞ്ഞ വർഷം 19.6 ലക്ഷമായി വർധിച്ചു.
എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപനയിൽ ഈ വർഷം വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 11.4 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളാണ് വിറ്റത്. മുൻ വർഷത്തെക്കാൾ 21.1% വർധനയുണ്ടായി. 10.6 ലക്ഷം ഇലക്ട്രിക് കാറുകളും 6.99 ലക്ഷം ഇലക്ട്രിക് ഓട്ടോകളും വിറ്റു. എൽ5 ഇലക്ട്രിക് ഓട്ടോകളുടെ വിൽപനയിലും 57% വർധനയുണ്ട്.
ഇലക്ട്രിക് വാഹന വിൽപനയുടെ 58% ഇരുചക്രവാഹനങ്ങളാണ്. 21.1% വർധനയാണ് ഉണ്ടായത്. ഒല ഇലക്ട്രിക് ഇ–സ്കൂട്ടർ വിൽപനയുടെ 30% കയ്യടക്കി മുന്നിലുണ്ട്.. 12% വിൽപനയുമായി ടിവിഎസും 11.7% വിഹിതവുമായി ബജാജ് ഓട്ടോയും വിപണിയിൽ സജീവമാണ്. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവും പുതിയ കമ്പനികളുടെ വരവും രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി ശക്തിപ്പെടുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ചിരുന്ന ഫെയിം പദ്ധതി അടക്കം നിർത്തലാക്കിയിട്ടും അതെല്ലാം മറികടന്നാണ് ഇലക്ട്രിക് വാഹന വിപണിയുടെ കുതിപ്പ്.

അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 47,000 കോടിയോളം രൂപയാണ്. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും ഇന്ത്യക്കാരിൽ 32ാം സ്ഥാനത്തുമാണ് എം.എ യൂസഫലി.
പട്ടികയിൽ ആദ്യ 5 മലയാളികളിൽ എം.എ യൂസഫലിക്ക് പുറമെ, ജെംസ് എഡ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർ പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവർ ഇടം നേടി.
കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ), ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.

ഫെഡറൽ ബാങ്ക് ചെറുകിട , ഇടത്തരം സംരംഭകർക്കായി ‘ഫെഡ് സ്റ്റാർ ബിസ്’ എന്ന ക്രഡിറ്റ് കാർഡ് പുറത്തിറക്കി. നാഷ്ണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യയും വീസയും ചേർന്നാണ് ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്. സംരംഭകർക്ക് തടസ്സരഹിതവും സുരക്ഷിതമായ പണമിടപാട് സംവിധാനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ മുഴുവൻ ബിസിനസ്സുകളെയും ‘ഫെഡ് സ്റ്റാർ ബിസ്’ ശാക്തീകരിക്കുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
ബിസിനസ്സ് , വാണിജ്യ പണമിടപാട് രംഗത്ത് ഫെഡറൽ ബാങ്കിൻ്റെ സ്ഥാനം ശക്തമാക്കാനുള്ള ആദ്യഘട്ടമായാണ് ‘ഫെഡ് സ്റ്റാർ ബിസ്’ പുറത്തിറക്കിയത്. റൂപേ, വീസ വേരിയൻ്റുകളിൽ ‘ഫെഡ് സ്റ്റാർ ബിസ്’ ലഭ്യമാണ്. ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രഡിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാർഡ് നൽകുന്നത്.
ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രഡിറ്റ് അക്കൗണ്ടിൽ 50 ലക്ഷം വരെ പരിധിയുളള സംരംഭകർക്ക് കാർഡ് ലഭിക്കും. അതുവഴി പ്രതിദിനം പരമാവധി 3 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നടത്താനാകും. ഓരോ ഇടപാടിനും ആധുനിക ടോക്കണൈസേഷൻ, എൻക്രിപ്ഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച സുരക്ഷ ഉറപ്പാക്കും. ബിസിനസ്സ് രംഗത്ത് ഇത്തരത്തിലുള്ള നിരവധി ഉത്പന്നങ്ങളാണ് ഫെഡറൽ ബാങ്ക് പദ്ധതിയിടുന്നത്.