
ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡിന്റെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതായത്, 17.85% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂൺ മുതൽ 10 മാസത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് ട്രെൻ്റിൻ്റെ ഓഹരികളിൽ നഷ്ടം രേഖപ്പെടുത്തുന്നത്.
മാർച്ച് പാദത്തിൽ ട്രെന്റിന്റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28% വർദ്ധിച്ചു. എന്നാൽ, ടിസിഎസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയും ഇന്നു വൻതോതിൽ ഇടിഞ്ഞതോടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത് 1.28 ലക്ഷം കോടി രൂപയാണ്. ട്രെന്റിന്റെ നാലാം പാദത്തിലെ ടോപ് ലൈൻ വളർച്ച പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ലെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പറഞ്ഞു.
മാത്രമല്ല, ടാറ്റാ സ്റ്റീലിനും 11 ശതമാനത്തിലധികം ഇടിവുണ്ടായി. സ്റ്റീലിനും അലുമിനിയത്തിനും 25% ചുങ്കം, ആഗോള സാമ്പത്തികമാന്ദ്യ ഭീതി എന്നിവയാണ് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയത്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയായ യുഎസിലെ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിൽ ടിസിഎസ് ഓഹരി 7 ശതമാനത്തോളം ഇടിഞ്ഞു. ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവ 6 ശതമാനത്തോളവും നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.

സ്വർണ്ണവില വീണ്ടും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8285 രൂപയും പവന് 66,280 രൂപയുമായി. മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 2200 രൂപയാണ്. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് വില 102 രൂപയാണ്.
കേരളത്തിൽ നിലവിൽ ഒരു പവൻ സ്വർണ്ണം സ്വന്തമാക്കാൻ, കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും പവന് ഏകദേശം 72,000 രൂപയാണ് നൽകേണ്ടത്. ജി.എസ്.ടി 3%, കുറഞ്ഞ പണിക്കൂലി 5% ഹോൾമാർക്കിങ് ചാർജ്ജ് എന്നിവയെല്ലാം ഉൾപ്പെടെയുള്ള നിരക്കാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി ഉയരുമെന്നതിനാൽ വിലയിലും ആനുപാതികമായ വർധനയുണ്ടാകും. നിലവിൽ രാജ്യാന്തര വിലയിലുണ്ടായ താഴ്ച്ചയാണ് കേരളത്തിലും സ്വർണ്ണ വില കുറയാൻ കാരണം. ആഗോള സ്വർണ്ണ വില ഇപ്പോൾ ട്രോയ് ഔൺസിന് 3,025.87 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നാം തിയ്യതി, വ്യാഴാഴ്ച്ചയാണ് കേരളത്തിൽ സ്വർണ്ണ വില സർവ്വകാല ഉയരം കുറിച്ചത്. പവന് 66,480 രൂപയും, ഗ്രാമിന് 8,560 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഇവിടെ നിന്നാണ് പിന്നീട് വിലയിൽ കുറവുണ്ടായത്.

യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടൻ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതായി മന്ത്രാലയ സെക്രട്ടറി തന്മയ ലാല്‍ പറഞ്ഞു.
‘ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുപേരും വളരെ മികച്ച രീതിയില്‍ പ്രക്രിയ മുന്നോട്ടുപോകുന്നു”, ലാല്‍ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ നയിക്കുന്ന സംഘത്തിന്റെ സമീപകാല സന്ദർശന വേളയിൽ, ഈ വർഷത്തിനുള്ളിൽ ഇന്ത്യ-EU എഫ്ടിഎ അന്തിമാക്കാൻ ധാരണയായിരുന്നു.
നിലവിലെ ആഗോള സാഹചര്യം കാരണം ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ ശക്തി പ്രാപിക്കുന്നുണ്ടെന്നും യുഎസ് പരസ്പര താരിഫുകൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും, അവ നിർണ്ണായക ഘടകമാകില്ലെന്നും ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ നേരത്തെ പറഞ്ഞു.

കേരളത്തിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ഏപ്രിൽ 10 മുതൽ പുതിയ നിബന്ധനകൾ നിർബന്ധമാക്കി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്.
ഒരു പെർമിറ്റ് പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമാണ് കേരളത്തിലേക്ക് കൊണ്ടുവരാനാവുക. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 3 ദിവസമാണ് പെർമിറ്റിന്റെ കാലാവധി. 50 ലിറ്ററോ അതിൽ കൂടുതലോ ആയ പെട്രോളിയം ഉൽപ്പന്നങ്ങൾ കേരളത്തിൽ കൊണ്ട് വരുന്നവർ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, തിരുവനന്തപുരം ടാക്സ്പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ് അനുമതി നൽകുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.
ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കും പെർമിറ്റിന് അപേക്ഷിക്കേണ്ട ഫോമിനുമായി www.keralataxes.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.