
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ആഗോള നിക്ഷേപകരിൽ ഉണ്ടാക്കിയ അനിശ്ചിതത്വം ഇന്ത്യൻ വിപണിയെയും ബാധിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ചത്.
ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 1,200 പോയിന്റിലധികം ഇടിഞ്ഞ് 900 പോയിന്റിൽ സെറ്റിൽ ചെയ്തപ്പോൾ, നിഫ്റ്റി 50 250 പോയിന്റിലധികം ഇടിഞ്ഞ് 22,000 ൽ എത്തി. 2024 ജൂണിനുശേഷം ഇന്ത്യൻ ഷെയർ മാർക്കറ്റിന്റെ ഏറ്റവും മോശം ഏകദിന പ്രകടനമാണിത്.
തുടർച്ചയായ ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനങ്ങളും ചൈനയുടെ പുതിയ നികുതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പുതിയൊരു റൗണ്ട് തീരുവ ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനമാണ് ഇന്നത്തെ കനത്ത ഇടിവിനു കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഒരു പൂർണ്ണ തോതിലുള്ള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോക വിപണിയെ ബാധിക്കുമെന്ന് മുന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യുഎസ് ഇറക്കുമതിക്ക് മേൽ 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ ചൈനക്കെതിരെ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിയെ ശക്തമായി നേരിടുമെന്ന് ചൈന. അമേരിക്കയുടെ താരിഫ് ബ്ലാക്ക്മെയിലിംഗ് കണ്ട് ഭയപ്പെടില്ല എന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ചൈനക്കെതിരെ തീരുവ ചുമത്തുമെന്ന പ്രഖ്യാപനം അമേരിക്കയുടെ ഭീഷണി തെറ്റിനു മുകളിലുള്ള തെറ്റാണ്, ഇത് അമേരിക്കയുടെ ബ്ലാക്ക്മെയിലിംഗ് സ്വഭാവം വീണ്ടും തുറന്നുകാട്ടുന്നു,” ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അമേരിക്ക അവരുടെ സ്വന്തം ഇഷ്ടത്തിന് വഴങ്ങണമെന്ന് നിർബന്ധം പിടിച്ചാൽ, ചൈന അവസാനം വരെ അതിനെതിരെ പോരാടും,” മന്ത്രാലയം കൂട്ടിച്ചേർത്തു.
യുഎസ് ഇറക്കുമതിക്ക് മേൽ 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നൽകിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ 50 ശതമാനം അധിക താരിഫ് ബാധകമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ മൂന്നിരട്ടി വർധിച്ചതായി റിപ്പോർട്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ വർധിച്ചതിനൊപ്പം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ കുടിശിക വരുത്തുന്നവരുടെ എണ്ണവും കൂടി എന്ന് ബാങ്കുകൾ. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് കുടിശിക 28.42 ശതമാനം വര്‍ധനയോടെ ബാങ്കുകളുടെ നഷ്ടം 6,742 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉപയോക്താക്കളുടെ ഉയർന്ന ചെലവഴിക്കല്‍ ശേഷിയും ഡിജിറ്റല്‍ പേയ്മന്റുകളുടെ ഉപയോഗവും റിവാര്‍ഡ് പോയിന്റുകളും ഉയര്‍ന്ന വായ്പ വാഗ്ദാനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുന്നതിന് കാരണമായി പറയുന്നു.
ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള പലിശ രഹിത കാലയളവിന് ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയാണ് കാര്‍ഡ് കുടിശ്ശിക. ഈ കുടിശിക 2023 ഡിസംബര്‍ വരെ 5,250 കോടി രൂപയായിരുന്നു. അതിൽ നിന്ന് 1,500 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷത്തിൽ വര്‍ധിച്ചത്. 2023 ലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 2.53 ലക്ഷം കോടി രൂപയായിരുന്നു.2024 ല്‍ വാണിജ്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി നല്‍കിയത് 2.92 ലക്ഷം കോടി രൂപയാണ്. ഇതില്‍ 2.3 ശതമാനം കിട്ടാക്കടമാണ്. അതായത് 5,214 കോടി രൂപ തിരിച്ചടച്ചിട്ടില്ലന്നാണ് ആര്.ബി.ഐ കണക്കുകള്‍ പറയുന്നത്.
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ഈടില്ലാത്തതും ഉയര്‍ന്ന പലിശനിരക്കുള്ളതുമാണ്. 90 ദിവസത്തില്‍ കൂടുതല്‍ പലിശയോ പ്രിന്‍സിപ്പല്‍ ഗഡുവോ കുടിശികയാകുമ്പോഴാണ് വായ്പകളെ നിഷ്ക്രിയ ആസ്തിയായി കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ബാങ്കുകള്‍ നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വിഭാഗങ്ങളില്‍ നിഷ്ക്രിയ ആസ്തിയില്‍ ഗണ്യമായ വര്‍ധന കാണാം. മൊത്തം നിഷ്ക്രിയ ആസ്തികള്‍ 2023 ഡിസംബറിലെ അഞ്ച് ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഡിസംബറില്‍ 4.55 ലക്ഷം കോടി രൂപയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു. പക്ഷെ, അതേസമയം ക്രെഡിറ്റ് കാര്‍ഡുകളുടെ കിട്ടാക്കടം ഉയരുകയും ചെയ്തു.

രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. അക്കൗണ്ടുകളിൽ പുരുഷന്മാരുടെ എണ്ണം സ്ഥിരമായി കൂടുതലാണെങ്കിലും കഴിഞ്ഞ 3 വർഷങ്ങളിലായി സ്ത്രീ പങ്കാളിത്തം വര്‍ധിച്ചുവരുന്നതായി കാണാം. ബാങ്ക് അക്കൗണ്ടുകളിൽ 39.2 ശതമാനവും സ്ത്രീകളുടേതാണെന്നും മൊത്തം നിക്ഷേപത്തിന്റെ 39.7 ശതമാനവും സ്ത്രീകളുടെ സംഭാവനയാണെന്നും
സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീ പങ്കാളിത്തം ഏറ്റവും ഉയർന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ 42.2 ശതമാനവും സ്ത്രീകളുടെ അക്കൗണ്ടുകളാണ്.
2021-ല്‍ പുരുഷന്മാരുടെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 26.59 ദശലക്ഷമായിരുന്നു. അത് 2024-ല്‍ 115.31 ദശലക്ഷമായി വർധിച്ചു. ഇതേ കാലയളവില്‍ സ്ത്രീ അക്കൗണ്ടുകളുടെ എണ്ണം 6.67 ദശലക്ഷത്തില്‍ നിന്ന് 27.71 ദശലക്ഷമായി ഉയർന്നു.
അതേസമയം, ബിസിനസ്സ് രംഗത്തും സ്ത്രീ പങ്കാളിത്തം അതിവേഗം വർധിക്കുകയാണ്. ഏകദേശം 73% പേരും ഒരു സാമ്പത്തിക വർഷത്തിൽ ഏകദേശം 10 ലക്ഷം രൂപവരെ വരുമാനം നേടുന്നതായി കണക്കുകൾ പറയുന്നു. ഓരോ മേഖലകളിലെയും സ്ത്രീകളുടെ മുന്നേറ്റം ബാങ്ക് അക്കൗണ്ടുകളിലും പ്രതിഫലിക്കുന്നു.