കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയും തൊഴിൽ രംഗത്തും കോവിഡ് 19 ഏല്‌പിച്ച ആഘാതം വലിയ തോതിൽ നമ്മുടെസമ്പദ് വ്യവസ്ഥയിൽ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. മഹാമാരിക്കാലത്തെ സാമ്പത്തിക മാന്ദ്യകാലത്ത് കേരളത്തിൽ പുതിയ തൊഴിൽ നേടുക എന്നതും എളുപ്പമാകില്ല. ഈ  അതിജീവന ഉപജീവന സംരംഭങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. ചില അതിജീവന സംരംഭങ്ങൾ പരിചയപ്പെടാം.

ചെറുകിട ഉല്പാദന യൂണിറ്റുകളിൽ ആരംഭിക്കുന്ന ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ബൾക്ക് പായ്‌ക്കുകളിൽ വിറ്റഴിക്കാൻ കഴിയും. ഇത് കൂടുതൽ ലാഭം ഉണ്ടാക്കാൻ സഹായകം ആണ്.

ഫ്രൂട്ട് ജാം

ഫ്രൂട്ട് ജാം- സോസ് എന്നിവയുടെ ഉപഭോഗം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കുട്ടികൾ വീട്ടിൽ ഇരിക്കുമ്പോൾ ഇത്തരം ഉൽപന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചിരിക്കുന്നുണ്ട്. ഇവ വീട്ടിൽ നിർമ്മിച്ച് ഹോട്ടലുകൾക്കും ബേക്കറികൾക്കും എത്തിച്ച് നല്‌കാം. കൂടാതെ വഴിയോര കച്ചവടക്കാർക്ക് നല്‌കിയും വിപണനം വ്യാപിപ്പിക്കാൻ കഴിയും. ടൊമാറ്റോ, പൈനാപ്പിൾ, മുന്തിരി, മിക്‌സഡ് ജാമുകളും, സോയ ടൊമാറ്റോ ചില്ലി സോസുകളും നിർമ്മിച്ചും വിപണിയിലിറക്കാം.

ഏകദേശം 1 ലക്ഷം രൂപയ്ക്ക് മൂലധനം നിക്ഷേപിച്ചാൽ ജാം നിർമ്മാണം ആരംഭിക്കാൻ കഴിയും. 20 കിലോ ജാം നിർമ്മിച്ച് വിപണനം ചെയ്താൽ ഏകദേശം 2000-2500 രൂപ വരെ ലാഭവും ഉണ്ടാക്കാം. പൊതുവേ ഇത്തരം നിർമ്മാണ യൂണിറ്റുകൾക്ക് കുടുംബശ്രീ പോലെയുള്ള സര്ക്കാര് സ്ഥാപനങ്ങൾ വഴി സബ്സിഡി ലോണുകൾ, മറ്റ് പിന്തുണ ഒക്കെ ലഭിക്കാൻ ഇടയുണ്ട്.

ആവിയിൽ വേവിച്ച പലഹാരം

മഹാമാരിക്കാലത്ത് ഹോട്ടലുകളുളെല്ലാം തൊഴിലാളികളെ കുറച്ച് ആവശ്യമായ ഉല്പന്നങ്ങൾ പുറത്ത് നിന്ന് വാങ്ങി പാഴ്‌സൽ നൽകുന്ന പുതിയ   ബിസിനസ്സ് മോഡൽ വിജയകരമായി പരീക്ഷിച്ചു വരികയാണ്. ഈ ഘട്ടത്തിൽ പലഹാരം ഉണ്ടാക്കി വിവിധ ഹോട്ടലുകളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത് നിക്ഷേപം കുറച്ച് മാത്രം മതിയാവുന്ന സംരഭം ആണ്.

അപ്പവും ഇടിയപ്പവും ഇഡ്‌ലിയും രാവിലെ സമയങ്ങളിൽ വീടുകളിൽ നിർമ്മിച്ച് ഹോട്ടലുകളിൽ ഓർഡർ അനുസരിച്ച് വിതരണം നടത്താൻ കഴിയും ,കൂടാതെ തേങ്ങയും ശർക്കരയും നിറച്ച ഇല അട ,കൊഴുക്കട്ട ,എന്നിവ ബേക്കറികളും ചെറിയ ചായക്കടകൾ വഴിയും വിതരണം ചെയ്‌യാം. പൊതുവേ  മൽസരം കുറവുള്ള വിപണിയാണിത്.

നിർമ്മാണ സാധന സാമഗ്രികൾ വാങ്ങാനും പ്രവർത്തിച്ച് തുടങ്ങാനും ഏകദേശം 1 ലക്ഷത്തിൽ താഴെ ആയിരിക്കും നിക്ഷേപം ആവശ്യമായി വരിക. നല്ല വിപണി തുറന്ന് കിട്ടിയാൽ ഏകദേശം 2500 രൂപ വരെ ലാഭം ഉണ്ടാക്കാൻ കഴിയുന്ന മേഖലയാണിത്.

ഭക്ഷണ നിർമ്മാണ യൂണിറ്റുകൾക്ക് പ്രത്യേക ലൈസൻസ് എടുക്കേണ്ടതുണ്ട്. നിർമ്മാണം പോലെ തന്നെ ഇത്തരം യൂണിറ്റുകളുടെ വിപണനവും പ്രധാനമാണ്.